ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മിന്നല്‍പ്രളയം മൂലമുണ്ടായ ദുരന്തത്തില്‍ ഇതുവരെ 26 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇനി 171 പേരെ കൂടി കണ്ടെത്തണം. കണ്ടെത്താനുള്ളവരില്‍ 153 പേര് ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്നവരാണ്. ബാക്കിയുള്ളവര്‍ നാട്ടുകാരാണ്.
എന്‍.ടി.പി.സിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ കുടുങ്ങിയ 32 പേരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. മറ്റൊരു തുരങ്കത്തില്‍ 121 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുവെന്നാണു സൂചന.
പ്രളയം കനത്ത ആഘാതമേല്പിച്ച തപോവനില്‍ മാത്രം നൂറിലേറെപ്പേരെ കാണാതായി. ഇവിടെയുള്ള എന്‍.ടി.പി.സി വൈദ്യുത പ്ലാന്റ് പൂര്‍ണമായി തകര്‍ന്നു. വെള്ളവും ചെളിയും പാറക്കഷണങ്ങളും നിറഞ്ഞ തുരങ്കത്തിനകത്തേക്കു കയറാന്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ക്കു സാധിച്ചിട്ടില്ല.
കരസേന, നാവിക കമാന്‍ഡോ സംഘം, ഐടിബിപി, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം രാത്രിയിലുടനീളം തുടര്‍ന്നു. ധൗളിഗംഗ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു.
പ്രളയത്തില്‍ അഞ്ച് പാലങ്ങള്‍ തകര്‍ന്നതിനാല്‍ 18 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. നദിക്കരയില്‍ താമസിച്ചിരുന്നവരാണ് മരണമടഞ്ഞ ഗ്രാമീണരിലേറെയും. മലനിരകള്‍ നടന്നുകയറി സേനാംഗങ്ങള്‍ നാട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിച്ചു നല്കി.
#WATCH | Uttarakhand: State Disaster Management Force (SDRF) carries out rescue operation at the flash flood site in Chamoli. pic.twitter.com/1X0oqeArkK