News Desk

2021-02-11 05:16:13 pm IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുപാളി ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം പ്രതിരോധ സേനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.  

എന്‍.ഡി.ആര്‍.ഫ് എസ്.ഡി.ആര്‍.എഫ് മറ്റ് രക്ഷാ പ്രവര്‍ത്തന സംഘങ്ങളോടെല്ലാം തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. 

തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്. നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മേഖലയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞു പോവാന്‍ പറഞ്ഞതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ അറിയിച്ചു.

അതേസമയം, മലമുകളില്‍ ഉരുള്‍പൊട്ടിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സൈറന്‍ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.

ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 200-ല്‍ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകര്‍ന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററില്‍ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.

തപോവനില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ ഏകദേശം 30-ഓളം തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവര്‍ത്തനം തുടരുകയാണ്. ഇംഗ്ലീഷ് അക്ഷരത്തിലെ യു ആകൃതയിലുള്ള ടണലില്‍ ചെളി നിറഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top