News Desk

2021-06-06 10:24:45 pm IST
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്ര നടത്തുന്നവര്‍ക്ക ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ലെന്ന് അദേഹം വ്യക്തമാക്കി. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂയെന്നും യാത്രക്കാരുടെ താല്‍പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുകയെന്നും അദേഹം അറിയിച്ചു. നിലവില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത്.

ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരോട് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട്. അതിനിടെ രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്യുന്നത്. വിവേചനപരമായ നടപടിയാവും അതെന്നും അദ്ദേഹം വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളില്‍ വാക്സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി7 രാജ്യങ്ങളുടെ യോഗത്തില്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top