News Desk

2021-05-23 09:50:20 pm IST
പ്രസ്‌ഫോര്‍ ന്യൂസ് ലേഖിക


ദോഹ: ഖത്തറില്‍ നിന്ന് കൊവിഡ് രോഗമുക്തനായി നാട്ടില്‍ പോയി തിരിച്ചെത്തിയ പ്രവാസി വാക്‌സിന്‍ സ്വീകരിച്ചതായി ഇഹ്തിറാസ് ആപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസി ഇതോടെ ആശങ്കയിലായിരിക്കുകയാണ്. 

ഖത്തറില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായതിന് ശേഷം മാര്‍ച്ച് അവസാനത്തോടെയാണ് അദ്ദേഹം നാട്ടില്‍ പോയത്. മെയ് ആദ്യം രാജ്യത്തേയ്ക്ക് തിരിച്ചെത്തുകയും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും ചെയ്തു. 



തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇഹ്തിറാസ് ആപ്പ് പരിശോധിച്ചപ്പോള്‍ പ്രവാസിക്ക് വാക്‌സിന്‍ സ്വീകരിച്ചെന്ന സന്ദേശമാണ് ലഭിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും ലഭ്യമായിരിന്നു.

തന്റെ ഖത്തര്‍ ഐഡി നമ്പര്‍ പ്രകാരം യുവാവായ പ്രവാസി 25/2/2021ല്‍ ആദ്യ ഡോസ് വാക്‌സിനും 18/3/2021ല്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായാണ് ഇഹ്തിറാസ് ആപ്പിലും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. 



ഫെബ്രുവരി 25ന് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെന്ന പറയുന്ന ദിവസം മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായിരുന്നു ഖത്തറില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച തീയ്യതിയില്‍ അദ്ദേഹം കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. 

ഇക്കാര്യം ഇഹ്തിറാസ് അധികൃതരെ അദ്ദേഹം അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പരിഹരിക്കാമെന്നാണ് ഇതുവരെയും ലഭിച്ച വിവരങ്ങള്‍. പക്ഷെ രാജ്യത്ത് തിരിച്ചെത്തി 22 ദിവസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ പരിഹാരം കാണാന്‍ ആയിട്ടില്ലായെന്നും അദേഹം പറഞ്ഞു.

അതേസമയം, ഹമദ് വാക്‌സിനേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഇഹ്തിറാസ് അധികൃതര്‍ക്ക് അബദ്ധം പറ്റിയതാകാമെന്നും തടസങ്ങളൊന്നുമില്ലാതെ മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്നും ഹമദ് അധികൃതര്‍ അറിയിച്ചതായി അദ്ദേഹം പ്രസ് ഫോര്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇനി ഖത്തറില്‍ നിന്ന് മൂന്ന് മാസത്തിന് ശേഷം വാക്‌സിനെടുക്കാന്‍ സാധിക്കുമൊയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top