News Desk

2021-05-28 08:26:48 pm IST

കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നുകൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. ജൂണ്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിലും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സി.ഇ.ഒ റഹീം പട്ടര്‍കടവന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.

നിലവിലെ വാക്‌സിന്‍നയം പ്രവാസി വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹൈക്കോടതിയിലെ ഹരജി. നിലവിലുള്ള സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്‌കരമാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായതിനാല്‍ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ മറ്റേതേങ്കിലും രാജ്യത്ത് പോയി 14 ദിവസം ക്വാറന്റൈനില്‍ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവില്‍ സൗദിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ സൗദിയില്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആണ് സൗദി നിഷ്‌കര്‍ഷിക്കുന്നത്.

സൗദി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആസ്ട്ര സെനെക്ക വാക്‌സിന്‍ രണ്ടു ഡോസ് എടുക്കുന്നവര്‍ക്ക് ഇളവുകള്‍ ഉണ്ട്. പക്ഷേ ഇന്ത്യയില്‍ ആസ്ട്ര സെനെക്ക വാക്‌സിന്‍ കോവീഷീല്‍ഡ് എന്ന പേരിലാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിലും കോവീഷീല്‍ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീല്‍ഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നത് സൗദി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീല്‍ഡ് വിക്‌സിനെടുത്ത് പോകുന്നവര്‍ക്ക് സൗദിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അവര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു ഹരജി. പ്രവാസികളുടെ പാസ്‌പ്പോര്‍ട്ട് നമ്പറും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ ലഭ്യമായ മറ്റൊരു വാക്‌സിനായ കോവാക്‌സിന്‍ നിലവില്‍ സൗദി അറേബ്യ ഉള്‍പ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്‌സിന്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്‌സിന്‍ എടുക്കാന്‍ പോകുമ്പോള്‍ മാത്രമാണ് അവര്‍ക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്. കോവാക്‌സിന്‍ എടുത്ത ഒരു പ്രവാസിയാണെങ്കില്‍ അതിന്റെ ഒരു ആനുകൂല്യവും സൗദിയില്‍ അയാള്‍ക്ക് ലഭിക്കുകയില്ല. അതിനാല്‍ കോവാക്‌സിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top