News Desk

2021-04-22 10:59:20 pm IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സി.എം.ഡി.ആര്‍.എഫില്‍ എത്തിയത് 39 ലക്ഷം രൂപയില്‍ അധികമാണ്. വൈകുന്നേരം 4.30 വരെ 22 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍ എത്തിയത്. കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ വ്യാപകമായി സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കിയെന്നും കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇത് നമ്മുടെ നാടല്ലേ കേരളമല്ലേ കേരളത്തിന്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മള്‍ ഇതിനു മുന്‍പും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തില്‍ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു എന്നുള്ളതാണ് നമ്മള്‍ കാണേണ്ട ഒരു കാര്യം. അപ്പോള്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. ഞാനീ പരിപാടിക്ക് വരുമ്പോ തന്നെ ഒരു കണക്ക് ശ്രദ്ധയില്‍ പെട്ടു. സി.എം.ഡി.ആര്‍.എഫിലേക്ക് ഇന്ന്, ഒരു ദിവസത്തിനുള്ളില്‍, ഇന്ന് വൈകിട്ട് നാലര വരെ വാക്‌സിനെടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. 

പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യത്തിലും അവര്‍ അത് ചെയ്യുകയാണ്. ഇതില്‍ എങ്ങനെയാണ് കാര്യങ്ങള്‍ ഫലപ്രദമായി നീക്കാനാവുക എന്ന് നാളെ ചര്‍ച്ച ചെയ്യാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പേരാണ് ഇതിനോടകം ഈ കാംപെയിനിന്റെ ഭാഗമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വാക്സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തു. കാംപെയ്ന്‍ ആരംഭിക്കുന്നതിന് മുമ്പായി ഒരു ലക്ഷം രൂപയ്ക്കടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് ഒന്ന് മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയര്‍ന്നേക്കാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top