News Desk

2021-04-16 03:09:45 pm IST
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. വാക്‌സിന്‍ ക്ഷാമത്താല്‍ ക്രഷിങ് ദ കര്‍വിന്റെ ഭാഗായി ആരംഭിച്ച മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ പലതും നിര്‍ത്തിവെച്ചു. തിരുവനന്തപുരം, ആലപ്പുഴ ഉള്‍പ്പടെ അഞ്ച് ജില്ലകളിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്ന് എത്തിയില്ല. 

മലപ്പുറം ജില്ലയില്‍ 37000 ഡോസ് വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത പലരും വാക്‌സിന്‍ ലഭിക്കാതെ മടങ്ങുകയാണ്. കോട്ടയത്ത് പല ക്യാമ്പുകളില്‍ നിന്നും വാക്‌സിനേഷനായി എത്തിയവരെ തിരിച്ചയക്കുകയായിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇന്നത്തേക്ക് മാത്രമുള്ള വാക്‌സിനാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പലയിടത്തും മാസ് വാക്‌സിനേഷന്‍ ക്യാംപുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്തു. 

കൊല്ലത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ ക്ഷാമമാണുള്ളത്. വാക്‌സിന്‍ ക്ഷാമമുള്ളതിനാല്‍ ഇടുക്കിയിലെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 30 ആക്കി ചുരുക്കി. ജില്ലയില്‍ 6000 ഡോസ് വാക്‌സിന്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലക്കാട് ജില്ലയില്‍ കൂടുതല്‍ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ മെഗാ ക്യാമ്പുകള്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ മുടങ്ങി. കോഴിക്കോട് ഇന്ന് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് മാത്രമാണുള്ളത്.

സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുള്ള വിതരണത്തിനാണ് പ്രാമുഖ്യമെന്ന് ജില്ല ആരോഗ്യവിഭാഗം വ്യക്തമാക്കി. വാക്‌സിന്‍ ക്ഷാമം രൂക്ഷമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 2 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാസ് വാക്‌സിനേഷന്‍ പൂര്‍ണ്ണതോതില്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ക്യാംപുകള്‍ മുടങ്ങില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top