News Desk

2021-05-02 03:06:02 pm IST
ദോഹ: കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവരിലും എത്തുന്നതോടെ രാജ്യത്തെ ജനജീവിതം സാധാരണനിലയിലാകുമെന്ന് പ്രത്യാശ പ്രക്രടിപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ തങ്ങള്‍ വലിയ രീതിയിലുള്ള പുരോഗതി കൈവരിച്ചതായും എന്നാല്‍ മുഴുവന്‍ ജനങ്ങളും സുരക്ഷിതരാവണമെങ്കില്‍ 80-90 ശതമാനം ആളുകള്‍ക്കു കൂടി വാക്‌സിന്‍ നല്‍കേണ്ടതുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

രാജ്യത്ത് നിലവില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും എല്ലാവരും കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ട് വരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊവിഡ് രോഗവ്യാപനം പൂര്‍ണമായും കുറയുന്ന സാഹചര്യത്തിലെ രാജ്യത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുകയുള്ളൂയെന്നും അവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയായവരില്‍ 44% പേര്‍ക്കും ഇപ്പോള്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും അര ദശലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും ഡോ. സോഹ പറഞ്ഞു. കൂടാതെ ഓരോ ആഴ്ചയും 160,000 ഡോസ് വാക്‌സിനുകള്‍ നല്‍കുന്നുയെന്നും ഡോ. സോഹ പറഞ്ഞു.

രാജ്യത്തെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇതുവരെ 170,000 ല്‍ അധികം ആളുകള്‍ ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഡോ. സോഹ അല്‍ ബയാത്ത് ഖത്തര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top