News Desk

2021-03-09 03:45:59 pm IST
ദുബൈ: എമിറേറ്റ്‌സില്‍ മൊബൈല്‍ കൊവിഡ് വാക്‌സിന്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. 11 നഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് ദുബൈയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് സേവനം നല്‍കുന്നത്. രാജ്യത്തെ 11 ഇടങ്ങളിലായാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഒരു മാസത്തിനുള്ളില്‍ 7688 പേര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ പ്രതിരോധകുത്തിവെപ്പ് നല്‍കിയാതി അധികൃതര്‍ അറിയിച്ചു.

മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് (എം.ബി.ആര്‍.യു.) ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ.) സഹകരണത്തോടെയാണ് മൊബൈല്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ നടത്തുന്നത്. 



ആരോഗ്യപരിചരണം നല്‍കുന്നതിനായി എം.ബി.ആര്‍.യു. ആരംഭിച്ച വെല്‍നെസ് ഓണ്‍ വീല്‍സ് സംരംഭത്തിന്റെ ഭാഗമായാണ് മൊബൈല്‍ ക്ലിനിക്കുകള്‍ വിന്യസിച്ചിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പിന് മുന്‍ഗണനയുള്ള 100 ശതമാനം പേര്‍ക്കും സേവനമെത്തിക്കുകയാണ് ലക്ഷ്യം.

ഗര്‍ഹൂദ് സ്വകാര്യ ആശുപത്രി, ഓയില്‍ഫീല്‍ഡ്സ് സപ്ലൈ സെന്റര്‍, എസ്.ആര്‍.ജി. ഹോള്‍ഡിങ് ഷെറാട്ടണ്‍ ഗ്രാന്‍ഡ്, ഡി.പി. വേള്‍ഡ്, അമേരിക്കന്‍ ഹോസ്പിറ്റല്‍, മക്ഗെര്‍മോട്ട് മിഡിലീസ്റ്റ്, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലാണ് സേവനം. മൊബൈല്‍ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്.

യു.എ.ഇ.യിലെ സാധാരണ തൊഴിലാളികള്‍ക്കും അനാഥര്‍ക്കും മറ്റ് യോഗ്യതയുള്ളവര്‍ക്കും സേവനം നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് എം.ബി.ആര്‍.യു. അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്രൊഫഷണല്‍ സര്‍വീസസ് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോ.അമീര്‍ മുഹമ്മദ് അല്‍ സറൂണി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top