News Desk

2021-06-17 10:57:42 pm IST
ദോഹ: ഖത്തറില്‍ കാറ്റില്‍ കടപുഴകാറായ മരത്തെ സംരക്ഷിച്ച് നിര്‍ത്തി മാതൃകയായിരിക്കുകയാണ് ഖത്തരിയും കൊച്ചുമകനും. ശക്തമായ കാറ്റത്ത് ഒടിഞ്ഞു വീഴാറായ മരത്തെ സംരക്ഷിക്കുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. 

പരിസ്ഥിതിയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്ന 'പൂര്‍വികര്‍ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കര്‍ത്തവ്യം' എന്ന ദേശീയ ദിന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന പ്രവൃത്തിയായിരുന്നു ഇരുവരുടേതും. 

ഖത്തറില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീശുന്ന ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീഴാറായ മരത്തെ സംരക്ഷിച്ച് നിര്‍ത്താനുള്ള  വൃദ്ധന്റെയും കൊച്ചുമകന്റെയും ശ്രമമാണ് വീഡിയോയില്‍ കാണുന്നത്. ഇരുവരുടെയും പ്രവൃത്തി കണ്ടു നിന്ന ആരോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാറ്റില്‍ ചരിഞ്ഞ മരം രണ്ടുപേരും കൂടി കഷ്ടപ്പെട്ട് നേരെയാക്കി അടുത്തുള്ള തൂണിനോട് ചേര്‍ത്ത് ബന്ധിക്കുന്നത് വീഡിയോയില്‍ കാണാം. 

ഒരു ഖത്തരി തെരുവില്‍ ഒടിഞ്ഞു വീഴാറായ മരം നേരെയാക്കുന്നു. മാതൃഭൂമിയോടുള്ള സ്നേഹമാണിതെന്ന അടിക്കുറിപ്പോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോക്ക് കീഴില്‍ ഇവരുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് മൂലം മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകുന്നുണ്ടെന്നും ചില സമയങ്ങളില്‍ ദൃശ്യപരത കുറവാണെന്നും ജനങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുകയും ചെയ്തു.

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് പൊടിപടലങ്ങള്‍ നീങ്ങുന്നതാണ് പൊടിക്കാറ്റിന് കാരണം. ശക്തമായി തുടരുന്ന പൊടിക്കാറ്റിന് നാളെ വൈകുന്നേരത്തോടെ ക്രമേണ ശക്തി കുറയുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top