News Desk

2021-04-20 03:16:20 pm IST

കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലന്‍സ്. വീടുകള്‍ ഒരാഴ്ചക്കുള്ളില്‍ അളന്ന് തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. 

മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട്ടെയും രണ്ട് വര്‍ഷം മുമ്പ് കണ്ണൂരിലെയും വീടുകളുടെ നിര്‍മാണം ഷാജി പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ഇതുപ്രകാരം മൂന്നുവര്‍ഷം മുമ്പുള്ള സിമിന്റ് അടക്കമുള്ള കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗത്തിന്റെ സഹായവും വിജിലന്‍സ് തേടിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 12-ന് കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ അലവില്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത അരക്കോടി രൂപ പിടികൂടുകയും ചെയ്തു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗള്‍ഫ് നാടുകളിലെ ഉള്‍പ്പെടെ ബിനിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഷാജിയുടെ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വത്തുക്കളുടെ രേഖകളും വിജിലന്‍സ് കണ്ടെടുത്തു. വിവിധ ബാങ്കുകളിലെ ഷാജിയുടെയും ഭാര്യ ആശയുടെയും നിക്ഷേപ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയുടെ ഭാഗമായി ഇ.ഡി നടത്തിയ അന്വേഷണത്തിലാണ് ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. 

ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് വീടുനിര്‍മാണം സംബന്ധിച്ച രേഖകള്‍ കോര്‍പറേഷന്‍ പരിശോധിച്ചപ്പോള്‍ 3,000 ചതുരശ്രഅടിയില്‍ താഴെ വിസ്തീര്‍ണത്തില്‍ വീട് നിര്‍മിക്കാന്‍ അനുമതി വാങ്ങി 5,260 ചതുരശ്ര അടിയില്‍ നിര്‍മിച്ചെന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top