News Desk

2021-06-04 01:29:15 pm IST

കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്.

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. 2016-ല്‍ കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡി.ടി.പി.സിയില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top