News Desk

2021-03-23 05:48:08 pm IST

കൊച്ചി: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എം.എല്‍.എയുമായ കെ.എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. 

ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. അഡ്വ.എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 

ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 

88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് പറയുന്നത്. 

എന്നാല്‍ ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടില്ല. പരാതി നല്‍കിയ ഹരീഷ് ഷാജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പുതിയ ഒരു ഹരജി കൂടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെ.എം ഷാജി. മത്സരിക്കുന്നതില്‍ നിന്നും ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് പരാതി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. 

വര്‍ഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകന്‍ വരണാധികാരിയെ അറിയിച്ചു. ഷാജിക്ക് വീണ്ടും മത്സരിക്കാന്‍ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top