News Desk

2021-03-11 04:34:22 pm IST
റിയാദ്: മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച്ച മുതല്‍ എല്ലാ വിസകളുടെയും സ്റ്റാമ്പിങ് പുനരാരംഭിക്കും. രാജ്യത്തെ റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് കോണ്‍സുലേറ്റ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തന രീതികളും വിസ നടപടികളും സര്‍ക്കുലറില്‍ വിവരിച്ചിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തിലുള്ള വിമാന സര്‍വിസ് തടസങ്ങളെക്കുറിച്ചു റിക്രൂട്ടിംഗ് ഏജന്റുമാര്‍ ആദ്യമേ പാസ്പോര്‍ട്ട് ഉടമകളെ അറിയിക്കേണ്ടതാണ്. വിസ സ്റ്റാമ്പ് ചെയ്തു എന്നത്‌കൊണ്ട് മാത്രം സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യാത്ര ചെയ്യാന്‍ സാധിക്കില്ല. നിലവില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുതിയ വിസക്കാരും പാലിക്കേണ്ടതുണ്ട്. സൗദിയിലേക്ക് യാത്രാ വിലക്കില്ലാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവൂ എന്ന കാര്യം പാസ്പോര്‍ട്ട് ഉടമകള്‍ക്ക് അറിയാമെന്നു ഉറപ്പുവരുത്തണം.

ഏതെങ്കിലും കാരണത്താല്‍ സൗദിയിലേക്ക് പ്രവേശനം നിഷേധിച്ചാല്‍ അതിന് കോണ്‍സുലേറ്റ് ഉത്തരവാദിയായിരിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലവിലുള്ള യാത്രാ ഇളവുകള്‍ ഈ ഗണത്തിലുള്ള പുതിയ വിസക്കാര്‍ക്കും ബാധകമായിരിക്കും. അവര്‍ക്ക് വിസ സ്റ്റാമ്പ് ചെയ്താല്‍ നേരിട്ട് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് വരാവുന്നതാണ്. ഇതിന് നിലവില്‍ സ്വീകരിച്ചു വരുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും റിക്രൂട്ടിംഗ് ഏജന്റുമാര്‍ പൂര്‍ത്തിയാക്കണം.

ഏജന്റുമാരുടെ ലൈസന്‍സോ പെര്‍മിറ്റോ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവ വേഗത്തില്‍ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ താഴെ നിലയിലുള്ള പ്രവേശന കവാടത്തില്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ മാത്രമേ പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയുള്ളൂ. കോണ്‌സുലേറ്റിലെത്തുന്ന എല്ലാ ഏജന്റുമാരും കൊവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണം. പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോഴും സ്വീകരിക്കുമ്പോഴും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്‌കും കയ്യുറകളും ധരിക്കണമെന്നും കോണ്‍സുലേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top