News Desk

2021-02-17 01:08:48 pm IST
അബുദാബി: വിസ നിയമം ലംഘിച്ചതിന്റെ പേരില്‍ നിര്‍മാണ കമ്പനിയിലെ മലയാളികളടക്കം നിരവധി തൊഴിലാളികള്‍ യു.എ.ഇയില്‍ അറസ്റ്റിലായി. കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാത്തവര്‍ ഇനിയുമുണ്ട്. ഒന്നര വര്‍ഷത്തിലേറെയായി വിസ പുതുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

ജോലിക്കു പോയി തിരിച്ചുവരുന്നതിനിടെ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ ഏതു ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. 

16 വര്‍ഷമായി ഇവിടെ സര്‍വേയറായി ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശി ദിവസങ്ങളായി വീട്ടിലേക്കു വിളിക്കാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. ഒന്നര വര്‍ഷമായി ഇദ്ദേഹത്തിന്റെ വിസ തീര്‍ന്നിട്ട്. കൊവിഡിന്റെ വരവോടെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല കമ്പനിയും സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിനു തുടക്കം.

ഈ സമയങ്ങളില്‍ കാലാവധി കഴിഞ്ഞവരുടെ വിസ പുതുക്കിയില്ല. ഇടയ്ക്കു മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയതിനാല്‍ വിസ അടിച്ചിരിക്കുമെന്നാണു തൊഴിലാളികളും കരുതിയിരുന്നത്. അതിനിടെ മാസങ്ങളായി ശമ്പളം ലഭിക്കാത്ത  പലരും തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയതോടെ കമ്പനിയും തൊഴിലാളികളും തമ്മിലുള്ള ബന്ധം വഷളായി. ശമ്പളക്കുടിശ്ശിക മൂലം പലരും ജോലിക്കു പോകാതെയും ഇരിക്കുന്നുണ്ട്. 

ആനുകൂല്യം കിട്ടില്ലെന്നു മനസിലാക്കിയ പലരും ജനുവരിയില്‍ നാട്ടിലേക്കു തിരിച്ചുപോയി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് തൊഴിലാളികള്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

പലരുടെയും വിസാ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായതിനാല്‍ അനധികൃത താമസം ഇനത്തില്‍ വന്‍തുക പിഴയും അടയ്‌ക്കേണ്ടിവരും. അതേസമയം ജീവനക്കാര്‍ ജോലിക്കു ഹാജരാകാത്തതിനാല്‍ ചില സൈറ്റുകളില്‍ ലേബര്‍ സപ്ലൈ ഉദ്യോഗസ്ഥരെ വച്ചാണ് ജോലി ചെയ്യിപ്പിക്കുന്നത്. 

പദ്ധതിക്കു കൃത്യമായി പണം കിട്ടുന്ന സൈറ്റുകളിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നുമുണ്ട്. എന്നാല്‍ കമ്പനിക്കു മെഷീനുകള്‍ സപ്ലൈ ചെയ്ത മലയാളികളുടെതുള്‍പ്പെടെ മറ്റു കമ്പനികള്‍ക്കും വന്‍തുക കുടിശ്ശികയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top