News Desk

2021-02-07 01:18:52 pm IST
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള എല്ലാ വിസകളും കൊറോണ സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് കൊറോണ സമിതി രൂപവത്കരിച്ചത്. പുതിയ വിസ അനുവദിച്ച് തുടങ്ങുന്നത് കാത്തുകഴിയുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്.

അതേസമയം, നാട്ടില്‍ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി. 2020 മാര്‍ച്ച് 12 മുതല്‍ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കഴിയില്ല. കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയില്‍ എന്‍ട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ. അല്ലെങ്കില്‍ പുതിയ വിസ അനുവദിച്ചുതുടങ്ങണം. 

അവധിക്ക് നാട്ടില്‍പോയി വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരാണ് ഇവരില്‍ ഏറെയും. വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാന്‍ യത്‌നിക്കുന്ന കുവൈത്ത് അധികൃതര്‍ കരുതലോടെ മാത്രമേ പുതിയ വിസ അനുവദിക്കൂ.

രാജ്യത്തിന് അത്യാവശ്യമായ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയെന്നതാണ് നയം. ഉന്നതവിദ്യാഭ്യാസമില്ലാത്തവരെ ഒഴിവാക്കി തൊഴില്‍വിപണിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു. തൊഴിലാളി നാട്ടിലാണെങ്കിലും സ്‌പോണ്‍സര്‍ക്ക് ഓണ്‍ലൈനായി ഇഖാമ പുതുക്കാന്‍ അവസരമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്താത്തവരുടെ ഇഖാമയാണ് റദ്ദായത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top