News Desk

2021-02-08 02:00:53 pm IST
സോലാപൂര്‍: മഹാരാഷ്ട്രയില്‍ സോലാപൂരില്‍ ബി.ജെ.പി നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച് സാരിയുടുപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിനാണ് ബി.ജെ.പി നേതാവിനെ അക്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തതായും അറസ്റ്റ് ചെയ്തതായും സൊലാപൂര്‍ പൊലീസ് അറിയിച്ചു. ശിരിഷ് കടേക്കര്‍ എന്ന ബി.ജെ.പി നേതാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ പിടിച്ചുനിര്‍ത്തി തലവഴി കരിഓയില്‍ ഒഴിച്ചത്. തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുകയും നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിനാണ് കടേക്കറിനെ കരിഓയിലില്‍ കുളിപ്പിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പുരുഷോത്തം ബര്‍ഡെ എന്ന ശിവസേനാ പ്രവര്‍ത്തകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞു.

ഉദ്ധവ് താക്കറെയെ വിമര്‍ശിക്കുന്നവരെ പ്രവര്‍ത്തകര്‍ മുമ്പും ആക്രമിച്ചിട്ടുണ്ട്. താക്കറെയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് മുന്‍ നാവികസേനാ ഓഫീസര്‍ മദന്‍ ശര്‍മയെ കഴിഞ്ഞ വര്‍ഷം ആറ് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ആറു പേര്‍ അറസ്റ്റിലായി. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top