News Desk

2021-11-25 03:26:21 pm IST
ചണ്ഡീഗഡ്:  രാഷ്ട്രീയ പാര്‍ട്ടികളോടുള്ള എതിര്‍പ്പ് നമ്മള്‍ പലവിധത്തില്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഹരിയാന സ്വദേശിയായ കര്‍ഷകന്‍ മകളുടെ വിവാഹ ക്ഷണക്കത്തിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികളായ ബി.ജെ.പി, ആര്‍.എസ്.എസ്, ജെ.ജെ.പി പ്രവര്‍ത്തകരോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചത്.

വിവാഹ ചടങ്ങിലേക്ക് ബി.ജെ.പി, ആര്‍.എസ്.എസ്, ജെ.ജെ.പി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് കല്ല്യാണ ക്ഷണക്കത്തില്‍ പറയുന്നത്. 

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വിവാദകാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 

ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബി.ജെ.പി, ആര്‍.എസ്.എസ്, ജെ.ജെ.പി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നാണ് ക്ഷണക്കത്തില്‍ അച്ചടിച്ചത്. ക്ഷണക്കത്ത് വൈറലാകുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സഖ്യ സര്‍ക്കാരിനെതിരെ ഒരു വര്‍ഷമായി  പ്രതിഷേധം നടത്തുകയാണ് കര്‍ഷകര്‍

ക്ഷണക്കത്ത് അച്ചടിച്ചത് പ്രധാനമന്ത്രി നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പായിരുന്നു. 
എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു.

വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കടബാധ്യതയും മറ്റ് കാരണങ്ങളാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് ധങ്കാര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top