News Desk

2021-03-23 05:55:50 pm IST
ബീജിംഗ്: മുസ്ലീം ന്യൂനപക്ഷമായ ഉയ്ഗൂര്‍ വിഭാഗത്തിനെതിരായ വംശഹത്യയുടെ പേരില്‍ ചൈനീസ് ഭരണകൂടത്തിനെതിരെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയന്‍, യു.കെ, യു.എസ്, കാനഡ എന്നിവയുടെ ഏകോപന ശ്രമമാണ് ഉപരോധം. ഉയ്ഗൂറുകള്‍ക്ക് അടിസ്ഥാന മൗലികാവകാശങ്ങള്‍ വരെ ചൈന നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

സിന്‍ജിയാങ് പ്രവിശ്യയിലെ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍, പാര്‍ട്ടി മേധാവികള്‍ എന്നിവരാണ് നടപടികള്‍ നേരിടേണ്ടിവരിക. പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ചെന്‍ മിന്‍ഗുവോ, കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം വാങ് മിങ്ങാഷന്‍, ഉപമേധാവി സു ഹായിലൂന്‍, പ്രൊഡക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോപ്‌സിലെ വാങ് ജുന്‍ഷെങ് എന്നിവര്‍ക്കും ഉയ്ഗൂര്‍ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതലയുള്ള സിന്‍ജിയാങ് പ്രൊഡക്ഷന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്‌സ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയ്ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാനിരോധനം, സ്വത്ത് മരവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ സിന്‍ജിയാങ്ങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നു. കൂടാതെ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് അവര്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്. 

പീഡനം, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സിന്‍ജിയാങ്ങിന്റെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ക്യാമ്പുകളില്‍ ചൈന ഉയ്ഗൂര്‍ മുസ്ലിംകളെ തടഞ്ഞുവച്ചിരിക്കുന്നതായി പറയുന്നു. എന്നാല്‍ അതിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. 

സിന്‍ജിയാങ് പ്രവിശ്യയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച തടവറകളില്‍ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും വംശഹത്യയുമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. അന്യപ്രവിശ്യകളിലേക്ക് തൊഴിലിനെന്ന പേരില്‍ നിര്‍ബന്ധിതമായി ആളുകളെ കയറ്റി അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

1989ലെ ടിയാനെന്‍മന്‍ സ്‌ക്വയര്‍ കുരുതിക്കു ശേഷം ആദ്യമായാണ് യൂറോപ്യന്‍ യൂണിയന്‍ ചൈനയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. അതേസമയം, പ്രതിഷേധ സൂചകമായി യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപിലെ 10 പേര്‍ക്കും നാല് സ്ഥാപനങ്ങള്‍ക്കും ചൈനയിലേക്ക് പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനുമാണ് വിലക്ക്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top