News Desk

2021-05-31 06:20:56 pm IST
ന്യൂഡല്‍ഹി:  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബക്കാര്‍ക്കുള്ള പെന്‍ഷനും, വിപുലീകരിച്ച ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുംബക്കാര്‍ക്കും
 ഇ.എസ്.ഐ.സി പദ്ധതിക്ക് കീഴിലുള്ള പെന്‍ഷന്‍ പരിരക്ഷ വ്യാപിപ്പിക്കുകയും ചെയ്തു. 

ഇതിനോടൊപ്പം തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്കായി എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍) സ്‌കീമിന് കീഴിലുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 

ഇ.എസ്.ഐ.സി പ്രകാരമുള്ള പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഈ പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇ.എസ്.ഐ.സി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 

തൊഴില്‍ സംബന്ധമായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇ.എസ്.ഐ.സി പെന്‍ഷന്‍ പദ്ധതി പ്രകാരം നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കൊവിഡ് മൂലം മരിവരുടെ ആശ്രിതര്‍ക്കും ലഭിക്കുന്ന വിധത്തില്‍ നിലവിലെ പെന്‍ഷന്‍ പദ്ധതി വ്യാപിപ്പിക്കും. അത്തരത്തിലുള്ള എല്ലാ ആശ്രിത കുടുംബാംഗങ്ങള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തൊഴിലാളികളുടെ ശരാശരി ദൈനംദിന വേതനത്തിന്റെ 90 ശതമാനത്തിന് തുല്യമായ പെന്‍ഷന് അര്‍ഹതയുണ്ട്. ഈ ആനുകൂല്യം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 മുതല്‍ 2022 മാര്‍ച്ച് 24 വരെയുള്ള കാലാവധിയില്‍ പ്രാബല്യത്തിലുണ്ടാകും.

മാനദണ്ഡങ്ങള്‍

* ഇന്‍ഷ്വറന്‍സ് ചെയ്ത വ്യക്തി മരണത്തിന് കാരണമായ കൊവിഡ് ബാധ നിര്‍ണയിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഇ.എസ്.ഐ.സി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം 

* കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിന് മുന്‍പുള്ള ഒരു വര്‍ഷ കാലാവധിക്കിടെ 78 ദിവസമെങ്കിലും തൊഴിലെടുത്തവരുടെ ആശ്രിതര്‍ക്കാണ് ഈ പെന്‍ഷന് അനുമതിയെന്നും അധികൃതര്‍ വ്യക്തമാക്കി

ഇ.പി.എഫ്.ഒ പ്രകാരമുള്ള ആനുകൂല്യങ്ങള്‍

ഇ.പി.എഫ്.ഒ-ഇ.ഡി.എല്‍.ഐ പ്രകാരമുള്ള പരമാവധി ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന്റെ തുക ആറ് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തി. 2.5 ലക്ഷം രൂപയുടെ മിനിമം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15 മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും.

മരണപ്പെടുന്നതിന് 12 മാസം മുന്‍പ് പുതിയ ജോലിയില്‍ ചേര്‍ന്നവരുടെ ആശ്രിതര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 6.53 കോടി കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്

ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ എന്നിവയ്ക്ക് കീഴില്‍ വരുന്നത് ആരൊക്കെയാണ്?

പത്തോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന ഫാക്ടറികളിലെയും പ്രഖ്യാപിത സ്ഥാപനങ്ങളിലെയും പരമാവധി 21,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാര്‍ക്കാര്‍ ഇ.എസ്.ഐ.സിയുടെ പരിധിയില്‍ വരുന്നു.

20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് ഇ.പി.എഫ്.ഒ പരിധിയില്‍ വരുന്നത്. ഒരു ഇ.പി.എഫ് അക്കൗണ്ട് ഉള്ള ജീവനക്കാര്‍ എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീമിന് അര്‍ഹരാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top