ജംഷീന മുല്ലപ്പാട്ട്

2020-09-29 05:45:35 pm IST
ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിട്ട് ഏഴുമാസം പിന്നിട്ടു. ലോകത്താകമാനം കൊവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ തുടക്കത്തിലാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെയാണ് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് ഇന്ത്യയില്‍ അറുനൂറിനു തൊട്ടുമുകളിലായിരുന്നു ആകെ കൊവിഡ് കേസുകള്‍. മരണം പത്തില്‍ താഴെയും. ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. മരണം 96,000 കവിഞ്ഞു.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം ഇന്ത്യയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമയുള്ളത് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ് എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. രാജ്യത്തെ ആകെ രോഗബാധയുടെ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 77 ശതമാനം മരണങ്ങളും സംഭവിച്ചിട്ടുള്ളതും ഈ സംസ്ഥാനങ്ങളിലാണ്.

കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത് ഏറെനാള്‍ കഴിയും മുമ്പേ ലോക്ഡൗണ്‍ നടപ്പാക്കി രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ച ഒരു രാജ്യം എങ്ങനെയാണ് ഇത്തരമൊരു അപകടസന്ധിയിലെത്തിയതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കൊവിഡ് വ്യാപനം തുടക്കത്തില്‍ വലിയ നഷ്ടങ്ങള്‍ സമ്മാനിച്ച രാജ്യങ്ങളില്‍ ഭൂരിഭാഗവും കരകയറി തുടങ്ങിയതിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ലോകത്ത് ആദ്യത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനയടക്കമുള്ള രാജ്യങ്ങള്‍ രോഗത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടി സാധാരണജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു.

മൂന്നാഴ്ചകൊണ്ട് കൊവിഡിനെ തുരത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു മോദി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ''വൈറസിന്റെ വ്യാപന ചക്രം തകര്‍ക്കാന്‍ 21 ദിവസമെങ്കിലും വേണം. ഈ 21 ദിവസം നമുക്കതിനെ കൈകാര്യം ചെയ്യാനായില്ലെങ്കില്‍ 21 വര്‍ഷമായിരിക്കും രാജ്യം പിന്നോട്ട് പോകുക,' എന്നാണു അന്ന് മോദി പറഞ്ഞത്. ഈ വാക്കുകള്‍ അറംപറ്റിയിരിക്കുകയാണിപ്പോള്‍. 

ഓഹരിവിപണിയില്‍ കഴിഞ്ഞ ആറ് ദിവസത്തിനിടയിലുണ്ടായ 11.31 ലക്ഷം കോടിയുടെ വന്‍ ഇടിവ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ രൂക്ഷത അടയാളപ്പെടുത്തുന്നു. 41 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ഇത് മുഖവിലക്കെടുത്തില്ല. ജി.ഡി.പിയുടെ തകര്‍ച്ച 24 ശതമാനമായി. കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനുമിടയില്‍ 2.2 കോടി ശമ്പലക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വ്യവസായശാലകളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമായിക്കിടക്കുകയാണ്. അസംഘടിത തൊഴില്‍ മേഖല ഒന്നടങ്കം പട്ടിണിയിലേയ്ക്ക് കൂപ്പുകുത്തി. മാനസികസമ്മര്‍ദ്ദങ്ങള്‍ നിമിത്തമുള്ള ആത്മഹത്യകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വര്‍ധിക്കുന്നുവെന്ന പഠനവും ഇതിനോടകം പുറത്തുവന്നു. 

കൂടുതല്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഉടന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയില്ലെങ്കില്‍, അടുത്ത വര്‍ഷവും രാജ്യം ലോക്ഡൗണില്‍തന്നെ തുടരേണ്ടിവരുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 
ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടും പ്രധാനമന്ത്രിയും ധനമന്ത്രിയും ലക്ഷം കോടികളുടെ പലവിധ പാക്കേജുകളും കൊണ്ടുവന്നിട്ടും സാമ്പത്തികവും സാമൂഹികവുമായ തകര്‍ച്ചയെ പിടിച്ചുകെട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, അധികാരികളുടെ ആസൂത്രണമില്ലായ്മകളും പിഴവുകളും സൃഷ്ടിക്കുന്ന പട്ടിണികളും തൊഴില്‍ നഷ്ടങ്ങളും മൂലം ജനങ്ങള്‍ ജാഗ്രത കൈവിടാന്‍ നിര്‍ബന്ധിതരാകുകയും രോഗവ്യാപനം വര്‍ധിക്കാന്‍ ഇടവരുകയും ചെയ്യുന്നുണ്ട്. 

കേരളത്തിന്റെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍, കേന്ദ്രം നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നുണ്ടെങ്കിലും സംസ്ഥാനം സ്വന്തമായ ചികിത്സാ രീതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ രോഗികളുടെ ഗ്രാഫ് കുത്തനെ ഉയരാതിരുന്നതും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടനിലയിലാണ്. കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍ക്കാര്‍ ആറുമാസം പിന്നിടുമ്പോള്‍ മഹാമാരിയുടെ മുന്നില്‍ തോല്‍വി സമ്മതിക്കുകയാണ്. രോഗവ്യാപനവും മരണവും ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണിപ്പോള്‍. 

ഇതാദ്യമായി കേരളത്തില്‍ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. ഇന്ന് 7445 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 600 കവിഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ഉറവിടമറിയാത്ത കേസുകളും സമ്പര്‍ക്ക കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയും ചെയ്യുന്നു. 

ആദ്യഘട്ടങ്ങളില്‍ കൊവിഡ് പ്രതിരോധത്തില്‍ വിജയിച്ച സര്‍ക്കാറിനെ പിന്നീട് പരാജയപ്പെടുത്തിയത് ചില ജാഗൃത കുറവുകള്‍ ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഉണ്ടാകാന്‍ പാടില്ലാത്ത ചില അനുസരണക്കേടുകള്‍ കൊവിഡ് പ്രതിരോധത്തില്‍ ഉണ്ടായെന്ന് മന്ത്രി പറഞ്ഞു. സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

ആരോഗ്യപ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പ്രതിരോധത്തിന്റെ കോട്ട കെട്ടാന്‍ ശ്രമിക്കുന്നുണ്ടെവെങ്കിലും വാക്‌സിന്‍ കണ്ടെത്തല്‍ ഇതുവരെ സഫലീകരിക്കാനായിട്ടില്ല. ഇനി അഥവാ വാക്‌സിന്‍ കണ്ടെത്തിയാലും അത് വിപണിയിലെത്തിക്കാന്‍ ഭീമമായ തുക കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരും. 

വാക്സിന്റെ ഉല്‍പാദനത്തിനും വിതരണത്തിനുമായി 80,000 കോടി രൂപ ചെലവഴിക്കാന്‍ ഇന്ത്യക്കാകുമോ എന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അദര്‍ പൂനാവാല ചോദിച്ചിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ, കോവാക്സിന്റെ രണ്ടാം ഘട്ട ട്രയലുകളും ഇന്ത്യയില്‍ നടക്കുന്നുണ്ട്. മറ്റൊരു വാക്‌സിനായ സിഡസ് കാഡിലയുടെ മൂന്നാം ഘട്ട ട്രയലിനായുളള അനുമതിക്കായി കാത്തിരിക്കുകയാണ്. 

മൂന്നു വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ നിര്‍മാണത്തിന് ഇന്ത്യ പൂര്‍ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്‍ നിര്‍മാണവും വിതരണവും സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനുള്ള തുക കണ്ടെത്തലാണ് രാജ്യം നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളി എന്നാണ് പൂനാവാല പറഞ്ഞത്. 

പ്രാദേശികമായി ഏര്‍പ്പെടുത്തുന്ന ലോക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. മഹാമാരിയുടെ തുടക്കത്തില്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രതയും കരുതലും ഇപ്പോഴും അതുപോലെ തുടരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടം കൂടിയാണിത്. മഹാമാരിയുടെ കാലത്തെ സ്വയം ജാഗ്രത കൈവിട്ടോ എന്ന് പൊതുജനങ്ങളും ആലോചിക്കണം. ഈ ലോക്ഡൗണ്‍ ഇനിയും നീണ്ടുപോവാതിരിക്കാന്‍, മഹാമാരിയെ തുരത്താന്‍ ഇതുമാത്രമാണ് ഏക പോംവഴി. കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 
Top