ദോഹ: കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് 75 ശതമാനം വരെ ഫലപ്രദമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കൂടാതെ ബൂസ്റ്റര്‍ ഡോസ് കൊവിഡ് ബാധിച്ചുള്ള മരണത്തില്‍ നിന്ന് 90 ശതമാനം സംരക്ഷണം നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ബൂസ്റ്റര്‍ ഡോസുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയതാണ് ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് നിലവില്‍ രോഗം ബാധിച്ച് ഐ.സി.യുകളില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും വാക്സിന് സ്വീകരിക്കാത്തവരോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് ശക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റര്‍ ഡോസിന് യോഗ്യരാണ്. 12ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്കി വരുന്നത്.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവരില്‍ ഭൂരിഭാഗം ജനങ്ങളിലും രോഗ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി
ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ കാലത്തേക്ക് രോഗപ്രതിരോധശേഷി നേടാന്‍ സാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.