News Desk

2021-04-23 07:47:20 pm IST

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ശ്വാസകോശത്തേയാണ് കൂടുതല്‍ ആക്രമിയ്ക്കുന്നത്. ഇത് ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് നീങ്ങുകയും ചെയ്യും. രക്തത്തിലേയ്ക്ക് ഓക്സിജന്‍ ലഭിയ്ക്കാത്ത അവസ്ഥയാകും. ഓക്സിജന്‍ കുറഞ്ഞാല്‍ ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ദോഷമായി ബാധിക്കും.                                                                                                                     

കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ കഴിവതും ആശുപത്രിയിലേയ്ക്ക് മാറുക. എന്നാല്‍ കാര്യമായ പ്രശ്നങ്ങളില്ലാത്ത പലരും വീട്ടില്‍ തന്നെയാണ് തുടരുന്നത്. എങ്കില്‍ പോലും കൃത്യമായ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ചും രക്തത്തിലെ ഓക്സിജന്‍ കുറയുന്നുവോയെന്ന് തിരിച്ചറിയണം. ഇതിനായി ഒരു ഓക്സിമീറ്റര്‍ വാങ്ങി സൂക്ഷിയ്ക്കുന്നതും ഇടയ്ക്കിടെ ഓക്സിജന്‍ പരിശോധിയ്ക്കുകയും വേണം.

കൊവിഡിലെ അപകടാവസ്ഥയെ നേരിടാന്‍ പലപ്പോഴും നമുക്കു കഴിയാറില്ല. തല കറക്കം, ശ്വാസംമുട്ട്, വിയര്‍പ്പ്, സംസാരിയ്ക്കാന്‍ കഴിയാത്ത അവസ്ഥ എന്നിങ്ങനെ പല അവസ്ഥകളുമുണ്ടാകും. ഇത്തരം അവസ്ഥ വന്നാല്‍ ഓക്സിജന്റെ അളവ് പരിശോധിക്കണം. 

ഓക്സിജന്റെ അളവ് 95-ല്‍ കുറഞ്ഞാല്‍ ഇത് കാര്യമായി എടുക്കണം. 95-100 വരെയാണ് ഓക്സിജന്‍ വേണ്ടത്. എന്നാല്‍ ഇതില്‍ കുറഞ്ഞാല്‍ മുകളില്‍ പറഞ്ഞ ലക്ഷണമുണ്ടാകും. ക്ഷീണം, തല കറക്കം, കണ്‍ഫ്യൂഷന്‍, പറയുന്ന കാര്യങ്ങളില്‍ പരസ്പര ബന്ധക്കുറവ് എന്നിവയും ഉണ്ടാകും.

ഇത്തരം അവസ്ഥ വന്നാല്‍ ഒരാളെ നിവര്‍ത്തി കമഴ്ത്തിക്കിടത്തുക. തല അല്‍പം മുകളിലേയ്ക്കാക്കുക. അതായത് തലയിണ വെച്ചോ അല്ലെങ്കില്‍ കൈകള്‍ കൂട്ടിപ്പിണച്ച് ഇതില്‍ മുഖം, തല വെച്ചു കിടക്കുക. പിന്നീട് ശക്തിയായി ശ്വാസമെടുക്കാന്‍ പറയുക. ഇതിന് പ്രോണ്‍ വെന്റിലേഷന്‍ എന്നാണ് പറയുക. ശ്വാസകോശത്തിന്റെ ശക്തി, കഴിവ് വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒന്നാണിത്. 

ആരോഗ്യമുള്ള ഒരാള്‍ക്ക് ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ചെറിയ അറകളിലേയ്ക്ക് ഓക്സിജന്‍ എത്തിപ്പെടുന്നു. എന്നാല്‍ കൊവിഡ് വരുമ്പോള്‍ കഫവും പഴുപ്പും കാരണം വേണ്ട രീതിയില്‍ ഓക്സിജന്‍ ഇത്തരം അറകളിലേയ്ക്ക് അഥവാ അല്‍വിയോളയിലേയ്ക്ക് എത്തിക്കാന്‍ സാധിയ്ക്കുന്നില്ല.

കൊവിഡ് രോഗികള്‍ മലര്‍ന്നോ നിവര്‍ന്നോ കിടക്കുമ്പോള്‍, നില്‍ക്കുമ്പോള്‍ ശ്വാസകോശത്തിന്റെ അടിഭാഗത്തേയ്ക്കാണ് പഴുപ്പും മറ്റും വന്നടിയുന്നത്. അതേസമയം, കമഴ്ത്തിക്കിടത്തിയാല്‍ അല്‍വിയോളെ കൂടുതല്‍ വികസിയ്ക്കാന്‍ കാരണമാകുന്നു. ഇതിലൂടെ ഓക്സിജന്‍ കൂടുതല്‍ ലഭ്യമാകും. ഒരാള്‍ക്ക് രക്തത്തില്‍ ഓക്സിജന്‍ കുറവാണെങ്കില്‍ ആശുപത്രിയില്‍ എത്തിയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യുക. ആ സമയത്ത് വീട്ടില്‍ ചെയ്യാവുന്ന ഈ കാര്യം ചെയ്യുക. രക്തത്തിലെ ഓക്സിജന്‍ തോത് ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ടിരിയ്ക്കുക.

കൊവിഡ് പൊസറ്റീവായ പലര്‍ക്കും യാതൊരു ലക്ഷണവുമുണ്ടാകില്ല. എന്നാലും ശ്വാസകോശത്തിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ഇതിനായി ശ്വാസം കഴിവതും ഉള്ളിലേയ്ക്കെടുക്കുക. കുറച്ചു ശേഷം ഇങ്ങനെ പിടിയ്ക്കുക. അതായത് കഴിവതും സമയം ഉള്ളിലേയ്ക്കാക്കി പിടിയ്ക്കുക. പിന്നീട് പതുക്കെ പുറത്തേക്ക് വിടുക, അതായത് നിശ്വസിയ്ക്കുക. ഇത് സാധാരണക്കാര്‍ക്കും ശ്വാസകോശത്തിന്റെ ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top