News Desk

2021-03-20 12:46:10 pm IST
ലോകത്തെ മുഴുവന്‍ ഉപയോക്താക്കളെയും വലച്ച് വാട്‌സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഇന്നലെ രാത്രി പണിമുടക്കിയിട്ടും അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇത് വരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

നിരവധി പേര്‍ക്കാണ് മൂന്ന് ആപ്പുകളുടെയും പണിമുടക്ക് കാരണം സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കാതിരുന്നത്. ആപ്പുകള്‍ കിട്ടാതായതോടെ പണിമുടക്കിനു പിന്നിലെ കാരണം തിരക്കി നിരവധി പേരാണ് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്. 

നിരവധി പേര്‍ വാട്‌സ് ആപ്പിന്റെ വെബ് ഫോര്‍മാറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത കാര്യവും പരാതിയായി ഉന്നയിച്ചു. ഇന്നലെ രാത്രി 10.40ന് ഇന്ത്യയില്‍ വാട്‌സ് ആപ്പിനാണ് ആദ്യം പ്രശ്‌നം നേരിട്ടതെന്ന് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂറോളം വാട്‌സ് ആപ്പില്‍ ഈ പ്രശ്‌നം നേരിട്ടു.

34,127 ല്‍ അധികം ഉപയോക്താക്കള്‍ക്കാണ് വാട്‌സ് ആപ്പില്‍ പ്രശ്നങ്ങള്‍ നേരിട്ടത്. 28,500 ല്‍ അധികം ആളുകള്‍ക്ക് ഇന്‍സ്റ്റാഗ്രാമും ശരിയായി ലഭിച്ചിരുന്നില്ലെന്നും ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, നാല്‍പ്പത്തഞ്ച് മിനിട്ട് മാത്രമാണ് പ്രശ്‌നം നേരിട്ടതെന്നും സാങ്കേതിക പ്രശ്‌നങ്ങളാണ് പണിമുടക്കിന് പിന്നിലെന്നും ഫേസ്ബുക്ക് വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായും ഉപയോക്താക്കള്‍ക്ക് നേരിട്ട പ്രശ്‌നങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് അറിയിച്ചു.

ഇതാദ്യമായല്ല ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായ രീതിയില്‍ മൂന്ന് ആപ്പുകളും പണിമുടക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top