News Desk

2021-03-31 01:36:26 pm IST
ദുബൈ: യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ മന്ത്രാലയം 4,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചാരണം. ഇത്തരത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പോരില്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്  ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

1990നും 2021നും ഇടയില്‍ യു.എ.ഇയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് യു.എ.ഇ തൊഴില്‍ മന്ത്രാലയം നല്‍കുന്ന 4000 ദിര്‍ഹത്തിന് അര്‍ഹതയുണ്ടെന്നാണ് വാട്ട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. അര്‍ഹരായവരുടെ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്. കൂടാതെ 4,000 ദിര്‍ഹം ലഭിക്കുമെന്നു പറയുന്ന ടെക്സ്റ്റും ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോയോട് കൂടി ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

https://relief-funds.googIe.cam എന്ന ലിങ്കാണ് സന്ദേശത്തോടൊപ്പം നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍  എന്ന മറ്റൊരു ലിങ്കിലേക്കാണ് പോകുന്നത്. ഇതില്‍ യുഎഇ മന്ത്രാലയത്തിന്റെ ലോഗോയോട് കൂടിയ കന്‍ന്റിന്യൂ ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിന്റെ പേര്‍ മാറ്റിയിട്ട്  അഞ്ച് വര്‍ഷമായി എന്നതാണ് സത്യാവസ്ഥ. 2016 ലാണ് യു.എ.ഇ ലേബര്‍ മന്ത്രാലയം ഹ്യൂമണ്‍ റിസോഴ്‌സ് ആന്റ്  എമിറൈറ്റൈസേഷന്‍ എന്നു പേരു മാറ്റിയത്. പഴയ പേരിലാണ് തട്ടിപ്പുകാര്‍ സന്ദേശം പ്രചരിപ്പിക്കുന്നത്.

വിശ്വാസ യോഗ്യമല്ലാത്ത ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇത്തരം ലിങ്കുകളിലൂടെ പാസവേര്‍ഡ്, ബാങ്ക് വിവരങ്ങള്‍ എന്നിവ കൈക്കലാക്കാനുള്ള തട്ടിപ്പുകാരുടെ ഫിഷിംഗ് തന്ത്രമാണിതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുളള മെസേജുകളുടെ ആധികാരികത ഉറപ്പു വരുത്തണം. അജ്ഞാത മൊബൈല്‍ നമ്പറുകളില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നും അയക്കുന്ന ലിങ്കുകളോ ഇ-മെയില്‍ വഴി വരുന്ന അറ്റാച്ച്‌മെന്റുകളോ തുറക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

ഇതുപോലെ നേരത്തെയും മറ്റൊരു രൂപത്തില്‍ വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോ വെച്ചായിരുന്നു വാര്‍ത്ത. അന്നത്തെ വാര്‍ത്തയില്‍ ചെറിയ ഭേദഗതികള്‍ വരുത്തിയാണ് ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ വാര്‍ത്തയോടൊപ്പം തന്നിരിക്കുന്ന വാര്‍ത്ത ശരിയാണെന്നും തന്റെ പേര് അര്‍ഹരുടെ പട്ടികയിലുണ്ടെന്നും ലിങ്ക് ഷെയര്‍ ചെയ്തതിന് നന്ദി എന്നിങ്ങനെ ഏതാനും പേരുടെ സാക്ഷ്യപ്പെടുത്തലുകളും നല്‍കിയിട്ടുണ്ട്. ആളുകളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്. ഇതുപോലുള്ള തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കേണ്ടതാണെന്ന് അതോറിറ്റി വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top