News Desk

2021-06-05 02:00:20 pm IST
കോഴിക്കോട്: സി.കെ ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന കെ. സുരേന്ദ്രന്റെ വാദം പൊളിയുന്നു. സി.കെ ജാനുവുമായി സംസാരിക്കുന്നതിനായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ ആയ പ്രസീതയുമായി കെ.സുരേന്ദ്രന്‍ നടത്തിയ വാട്സ്ആപ്പ് സന്ദേശം പുറത്തായി. മീഡിയ വണ്‍ ചാനലാണ് സന്ദേശം പുറത്തുവിട്ടത്. ഫെബ്രുവരി 24, 26 തിയ്യതികളില്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശ്രീലേഷ് വയനാട് എന്ന് പറയുന്ന വ്യക്തിയുടെ നമ്പര്‍ അയച്ചുകൊടുക്കുന്നുതും സി.കെ ജാനു ആറാം തിയ്യതി ആലപ്പുഴയിലേക്ക് എത്തില്ലെന്നും പറയുന്ന ചാറ്റുകളാണ് പുറത്തായത്. നേരത്തെ സി.കെ. ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രസീതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്‍ എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും ശബ്ദരേഖ പൂര്‍ണ്ണമല്ലെന്നും പറഞ്ഞിരുന്നു.

സി.കെ.ജാനുവുമായി സംസാരിക്കാന്‍ തങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണം നിഷേധിച്ച് ജാനുവും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആരോപണമുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top