News Desk

2021-10-13 08:42:26 pm IST
കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഉത്ര വധക്കേസ്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയെന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധി വന്നത് ഉത്ര മരിച്ച് ഒരു വര്‍ഷവും അഞ്ച് മാസവും നാല് ദിവസവും തികയുമ്പോഴാണ്. 

2018 മാര്‍ച്ച് 25നായിരുന്നു ഉത്രയുടെയും പ്രതി സൂരജിന്റെയും വിവാഹം. 100 പവന്‍ സ്വര്‍ണവും ലക്ഷങ്ങളും നല്‍കിയാണ് ഉത്രയെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചയച്ചത്. 

രണ്ടു വര്‍ഷം കഴിഞ്ഞ് 2020 മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടി ഏല്‍ക്കുന്നത്. അടൂരില്‍ ഭര്‍തൃവീട്ടില്‍ വെച്ച് അണലിയാണ് കടിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികിത്സയിലായിരുന്നു.

ചികിത്സ കഴിഞ്ഞ് ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയും ഉത്രയ്ക്ക് മരണം സംഭവിക്കുകയുമായിരുന്നു. മൂര്‍ഖന്‍ പാമ്പാണ് അന്ന് കടിച്ചത്. 

ആ ദിവസം ഉത്രയുടെ ഭര്‍ത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എയര്‍കണ്ടീഷനുളള മുറിയില്‍ വെച്ചാണ് പാമ്പ് കടിയേല്‍ക്കുന്നത്.

മാത്രമല്ല, ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്ന ബന്ധുക്കളുടെ സംശയമാണ് യുവതിയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

മെയ് ഏഴിന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മെയ് 19ന് ഉത്രയുടെ രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. അന്വേഷത്തിനിടെ 2020 മെയ് 24നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് അറസ്റ്റിലായത്.

പാമ്പ് കടിച്ചതല്ല പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും അറസ്റ്റിലായി. 

ജൂണ്‍ ഒന്നാം തീയ്യതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഭര്‍തൃവീട്ടില്‍ ഉത്ര പീഡനം നേരിട്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഉത്ര കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത് ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്ന് ഉത്രയുടെ സ്വര്‍ണം കണ്ടെടുത്തതോടെയാണ്.

സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് കണ്ടെടുത്തത്.

അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഉത്രയെ താന്‍ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് സമ്മതിച്ചു. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.

അതേസമയം, സൂരജിന് പാമ്പിനെ നല്‍കിയത് കൊലപാതകത്തിന് വേണ്ടിയാണ് എന്നറിഞ്ഞു കൊണ്ടല്ലെന്ന് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തുടര്‍ന്ന് കേസില്‍ ഇയാളെ മാപ്പു സാക്ഷിയാക്കി. 

തന്നെ മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതില്‍ അപേക്ഷ നല്‍കിയിരുന്നു.

മാപ്പ് സാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിക്കുകയായിരുന്നു. സുരേഷിന്റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തി. അതിനു പിന്നാലെയാണ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്.

കട്ടിലില്‍ കിടക്കുന്ന ഉത്രയെ എങ്ങനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചെന്നറിയാന്‍ ഡമ്മി പരീക്ഷണം നടത്തി. വനം വകുപ്പിന്റെ അരിപ്പ സ്റ്റേറ്റ് ട്രെയിംനിംഗ് സെന്റിലായിരുന്നു ഡമ്മി പരിശോധന നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍, തഹസില്‍ദാര്‍, സര്‍പ്പ പഠന വിദഗ്ധന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. കൃത്രിമ കയ്യില്‍ ഇറച്ചി കഷ്ണം കടിപ്പിച്ചായിരുന്നു പരിശോധന.

ഉത്രയുടെ കയ്യില്‍ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയും അകലത്തില്‍ സ്വാഭാവികമായി പാമ്പ് കടിക്കാറില്ല. രണ്ട് മുറിവുകളും തമ്മിലുള്ള ആഴ വ്യത്യാസം കണ്ടെത്തിയ അന്വേഷണ സംഘം കൊലപാതകമെന്നത് ഉറപ്പിക്കുകയായിരുന്നു. 

ഇക്കാര്യങ്ങളും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 2020 ആഗസ്ത് 14ന് കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ ഏഴിന് വിചാരണ തുടങ്ങി. ജൂലൈ ഏഴിന് അന്തിമവാദം തുടങ്ങി. ഒക്ടോബര്‍ നാലിനാണ് വിചാരണ പൂര്‍ത്തിയായത്.

ഒക്ടോബര്‍ 11ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി സൂരജ് കുറ്റക്കാരനെന്ന് വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ഒക്ടോബര്‍ 13ന് സൂരജിന് ഇരട്ട ജീവപര്യന്തം കോടതി ശിക്ഷ വിധിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top