News Desk

2021-06-01 10:32:36 am IST

ന്യൂഡല്‍ഹി: ലോകത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1-ന് ഡെല്‍റ്റ എന്നാണ് പേര്.

കൊവിഡ് വകഭേദങ്ങളെ ശാസ്ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പുതിയ വൈറസുകളോ വകഭേദങ്ങളോ അവ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് വഴി ആ രാജ്യങ്ങളുടെ പേരിനുണ്ടാകുന്ന കളങ്കം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം.

ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് പുതിയ നാമകരണം. എന്നാല്‍ ശാസ്ത്രലോകത്ത്, കൊവിഡ് വകഭേദങ്ങളുടെ ശാസ്ത്രീയ നാമം തന്നെയായിരിക്കും ഉപയോഗിക്കുക.

ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കപ്പ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് ബീറ്റ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്. 

ഡെല്‍റ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഡബ്ല്യു.എച്ച്.ഒ. 'ഇന്ത്യന്‍ വകഭേദം' എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ഇന്ത്യന്‍ എന്ന് വിളിക്കുന്നതിനെതിരെ മേയ് 12-ന് സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിരുന്നു.

സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകള്‍ നല്‍കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top