News Desk

2021-03-02 11:08:44 am IST
ജനീവ: കൊവിഡ് മഹാമാരിയുടെ വ്യാപനം ഈ വര്‍ഷം പൂര്‍ണമായും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. മിഖായേല്‍ റയാന്‍. നിലവില്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കാന്‍ മാത്രമേ സാധിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കൊവിഡിനെതിരായ വാക്സിനുകളുടെ വരവ് കൊവിഡ് മരണങ്ങളിലും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടരെ വാക്സിനുകള്‍ വരുന്നത് രോഗ്യവ്യാപനത്തിന്റ തോത് കുറയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിനിടെ കൊവിഡ് വകഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്നും ഡോ. മിഖായേല്‍ പറഞ്ഞു. നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചില വികസിത രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനേഷനില്‍ കാണിക്കുന്ന സമീപനത്തെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനു മുമ്പേ വികസിത രാജ്യങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ വാക്സിന്‍ സ്വീകരിച്ചത് ഖേദകരമാണ്. 

ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ ഇടങ്ങളില്‍ യു.എന്‍ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ എത്തിച്ചത് ഈ ആഴ്ചയാണ്. ബ്രിട്ടന്‍, യു.എസ്, കാനഡ തുടങ്ങി രാജ്യങ്ങളില്‍ പൗരന്‍മാര്‍ക്ക് വാക്സിനേഷന്‍ തുടങ്ങി മൂന്ന് മാസത്തിനു ശേഷമാണ് ഘാന പോലുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top