Article Desk

2021-10-23 05:48:18 pm IST

ചില ചുരുളഴിയാത്ത രഹസ്യങ്ങള്‍ തേടിപ്പോവുക എന്നത് കൗതുകവും ത്രില്ലുമുള്ള കാര്യമാണ്. അങ്ങനെയുള്ള അന്വേഷണത്തിലാണ് ഏരിയ 51 ശ്രദ്ധയില്‍പ്പെട്ടത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം എന്നാണ് ഏരിയ 51 അറിയപ്പെടുന്നത്. ഇത്രകണ്ട് നിഗൂഢമായ എന്തൊക്കെ രഹസ്യങ്ങളാണ് ഏരിയ 51-ല്‍ ഒളിച്ചിരിക്കുന്നതെന്ന് വഴിയെ പരിശോധിക്കാം.

അമേരിക്കയിലെ നവേഡയിലെ ലിങ്കന്‍ കൗണ്ടിയില്‍ മരുഭൂമിക്ക് നടുവില്‍ ഏക്കറുകളായി പരന്നു കിടിക്കുന്ന സ്ഥലമാണ് ഏരിയ 51. ഈ പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് ഇന്നും ആര്‍ക്കും അറിയില്ല. ഒരു മനുഷ്യ കുഞ്ഞിനെ പോലും ഇവിടേയ്ക്ക് കടത്തിവിടുകയില്ല. ആളുകള്‍ പോയിട്ടില്ലെങ്കിലും പലവിധ കഥകള്‍ പ്രചരിക്കുന്നതില്‍ ഒരു കുറവുമില്ല. 

ഇവിടെ ഏലിയന്‍ സാന്നിധ്യമുണ്ടെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത്. ഗവേഷണം നടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അന്യഗ്രഹജീവികളേയും അന്യഗ്രഹ ബഹിരാകാശ പേടകങ്ങളെയും മറച്ചുവച്ചിരിക്കുന്ന സ്ഥലമാണ് ഇതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. അമേരിക്കയുടെ അതീവ രഹസ്യ ആയുധകള്‍ വികസിപ്പിക്കുന്നത് ഇവിടെയാണെന്ന വാദവുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സ് ഫയലില്‍ പെടുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് ഇത് എന്ന് പറയുന്നവരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യിലുള്ള രഹസ്യ രേഖകളെയാണ് എക്‌സ് ഫയല്‍ എന്ന് പറയുന്നത്. 

ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012-ല്‍ നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്ററി പ്രക്ഷേപണം ചെയ്തു. ഇതില്‍ അമേരിക്കന്‍ പൗരന്മാരില്‍ 80 ദശലക്ഷം പേര്‍ ഏരിയ 51 നിലവില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞിരുന്നു.

ഏരിയ 51 യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ കീഴിലുള്ള സൈനികത്താവളമാണ്. വിമാന പരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായാണ് ഇവിടം ഉപയോഗപ്പെടുത്തുന്നത്. ഈ സ്ഥലം ഏറെ നാളുകളായി രഹസ്യമാക്കിവെച്ചിരുന്നതാണ്. എന്നാല്‍ ഇവിടെ വെച്ച് നടത്തിയ നിരീക്ഷണ വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ ഇവിടെ അജ്ഞാത വിമാനങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കി. ഈ സമയത്താണ് ഏരിയ 51 എന്ന സ്ഥലത്തെ കുറിച്ചുള്ള ഒദ്യോഗിക വിശദീകരണങ്ങള്‍ വരുന്നത്. 

ഏരിയ 51-ന്റെ ഔദ്യോഗിക നാമം നെവാദ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് എന്നാണ്. എഡ്വാര്‍ഡ് എയര്‍ഫോഴ്സ് ബേസിന്റെ ഭാഗമായ ഇവിടെ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ഏരിയ 51. 2013-ലാണ് എരിയ 51 സങ്കല്‍പ ലോകമല്ല യാഥാര്‍ഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി സമ്മതിച്ചത്. എന്നാലും കേന്ദ്രത്തിന്റെ രഹസ്യ സ്വഭാവം അതുപോലെ നിലനിര്‍ത്തി. 

ഏരിയ 51-ന്റെ ജനപ്രീതി വോട്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ ശ്രമിച്ചിരുന്നു. താന്‍ പ്രസിഡന്റായാല്‍ അന്യഗ്രഹജീവികളെ സംബന്ധിച്ചുള്ള ഫയലുകള്‍ പൊതുജനത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ഹില്ലരിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ ഹില്ലരി തോറ്റതോടെ ഏരിയ 51-ന്റെ ദുരൂഹത പോറലേല്‍ക്കാതെ നിലനിന്നു. ഏരിയ 51-നെക്കുറിച്ച് ആദ്യമായി പരസ്യമായി പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹവും തയ്യാറായില്ല. 

നേരത്തെ പറഞ്ഞതൊക്കെ വിചിത്രങ്ങളും യാതൊരു ആധികാരികതയുമില്ലാത്ത കഥകള്‍ ആയിരിക്കെ യഥാര്‍ത്ഥത്തില്‍ എന്താണ് ഏരിയ 51 എന്ന് പരിശോധിക്കാം

സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നിലനിന്ന 1954-ലാണ് ഏരിയ 51-ന്റെ കഥ തുടങ്ങുന്നത്. സോവിയറ്റ് യൂണിയനു മുകളില്‍ യു.എസ് വിമാനങ്ങളുടെ പറക്കലും വിവരശേഖരണവും ഈ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു. യുദ്ധകാലത്ത് അമേരിക്കയുടെ രഹസ്യ ചാരവിമാനങ്ങളുടെ പരീക്ഷണ കേന്ദ്രം കൂടിയായിരുന്നു ഇത്. അമേരിക്കന്‍ ചാരവിമാനങ്ങളില്‍ പ്രധാനമായിരുന്ന യു-2-വിന്റെ പരീക്ഷണം 1955 മുതല്‍ ഏരിയ 51-ല്‍ നടത്തിയിരുന്നു. 1992-ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ട രേഖകളില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. 

യു-2 വിമാനങ്ങള്‍ 60,000 അടി ഉയരെയാണ് നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നത്. മറ്റു വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് നീഗൂഢമായ വസ്തുക്കളുടെ ചലനം പോലെയാണു ഈ പറക്കല്‍ കാണപ്പെട്ടത്. ഇത് അന്യഗ്രഹ പേടകങ്ങള്‍ എന്ന ഭീതി പരത്തി. ഇക്കാര്യം തിരുത്താന്‍ അമേരിക്കന്‍ വ്യോമസേനയും തയ്യാറായില്ല. 1960-ല്‍ സോവിയറ്റ് യൂണിയന്‍ ഒരു യു-2 വിമാനത്തെ മിസൈല്‍ വെച്ച് തകര്‍ക്കുകയുണ്ടായി. ഇതേതുടര്‍ന്നാണ് റഡാറുകള്‍ക്ക് എളുപ്പത്തില്‍ പിടികൊടുക്കാത്ത എ-12 വിമാനങ്ങള്‍ അമേരിക്ക നിര്‍മ്മിച്ചത്. ഇതിന്റെ പരീക്ഷണവും ഏരിയ 51-ലായിരുന്നു. 

'ഏരിയ 51 കയ്യടക്കുക'എന്ന പേരില്‍ 2019 ജൂണ്‍ 27-ന് മാട്ടി റോബര്‍ട്ട്‌സ് എന്നയാള്‍ 'സ്റ്റോം ഏരിയ 51'എന്ന പേരില്‍ ഒരു ഇവന്റ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ഏരിയ 51 പിടിച്ചടക്കാന്‍ 20 ലക്ഷത്തോളം ആളുകള്‍ സന്നന്ധത അറിയിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 20-ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു ലക്ഷത്തോളം പേര്‍ ഏരിയ 51 ലേക്ക് മാര്‍ച്ച് ചെയ്യണമെന്നായിരുന്നു ഫേസ്ബുക്ക് ഇവന്റിന്റെ ആഹ്വാനം. എന്നാല്‍ ഈ പ്രദേശത്തേയ്ക്ക് കടന്നാല്‍ സൈനികമായി നേരിടും എന്ന് അമേരിക്കന്‍ സൈനവും പറഞ്ഞു. ആകെ നൂറില്‍ താഴെ ആളുകളാണ് നിശ്ചയിച്ച പ്രകാരം ഏരിയ 51-ലെത്തിയത്. എന്നാല്‍ ഇവരിലൊരാള്‍ക്ക് പോലും കേന്ദ്രത്തിന്റെ കവാടം കടക്കാന്‍ കഴിഞ്ഞില്ല. 

എന്തായാലും അതീവ രഹസ്യത്തിന്റെ ഉള്ളറയായ ഏരിയ 51-ന്റെ ചുരുളഴിയണമെങ്കില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തന്നെ കനിയണം. ഏതെങ്കിലും കാലത്ത് സി.ഐ.എ പുറത്തുവിടുന്ന ഏതെങ്കിലും ഒരു രഹസ്യ ഫയലുകളിലൂടെയാവും ഏരിയ 51-ല്‍ എന്തു നടക്കുന്നുവെന്ന ചിത്രം വ്യക്തമാവുക. അതുവരെ നമുക്ക് കാത്തിരിക്കാം ....

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top