Article Desk

2020-04-16 11:17:38 pm IST
ഗൾഫ് നാടുകളിൽ കൊവിഡ് 19 വ്യാപനം വളരെ ശക്തമാണ്. ലോകം മുഴുവൻ സ്വയം രക്ഷയ്ക്കായി പരിശ്രമിക്കുമ്പോഴും സ്വന്തം രാജ്യത്തെ പൗരന്മാർക്കൊപ്പം മറ്റു രാജ്യങ്ങളിലെ പൗരന്മാരെയും സംരക്ഷണ വലയത്തിൽ ചേർത്തുനിർത്തുന്നതിൽ ഖത്തറെന്ന കൊച്ചുരാജ്യത്തിന്റെ പരിശ്രമം ലോകരാജ്യങ്ങൾക്ക് മാതൃകയാവുകയാണ്. 

വിവിധ രാജ്യങ്ങളിൽ കഴിയുന്ന 10 ലക്ഷത്തിലധികം വിദേശികളെയാണ്  അവരുടെ മാതൃരാജ്യത്തെത്തിക്കാൻ  ഖത്തർ സർക്കാരിന് തങ്ങളുടെ ദേശീയ എയർലൈൻസ് വഴി ഈ ആഗോള ആരോഗ്യ അടിയന്തരാവസ്ഥകാലത്ത് സാധിച്ചത്. ഇത് ഖത്തർ ഭരണകൂടത്തിന്റെ ആഗോള ഉത്തരവാദിത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.   

ജിസിസി രാജ്യങ്ങളിൽവെച്ച് കൊവിഡ് പ്രതിരോധത്തിനായി  ആദ്യം മുതൽ തന്നെ നിരവധി നിയന്ത്രണ നടപടിക്രമണങ്ങൾ കൈകൊണ്ട രാജ്യമാണ് ഖത്തർ.  വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയും അൽ റയ്യാൻ, അൽ ദയീൻ, ഉം സലാൽ എന്നിവിടങ്ങളിലുള്ള വിദേശി പൗരന്മാരുടെ താമസകേന്ദ്രങ്ങളിൽ പൂർണമായ അണുവിമുക്ത ക്യാമ്പെയിൻ നടത്തിയും ഇൻഡസ്ട്രിയൽ ഏരിയയിൽ താൽകാലിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയും ഖത്തർ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്.

അതേസമയം, ഇത്രയെല്ലാം നടപടികൾ കൈകൊണ്ട ഖത്തറിൽ  വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയാണിപ്പോൾ .നിലവിൽ 3,681 പേരാണ് ഖത്തറിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.ഇതുവരെ 415 ആളുകളാണ് രോഗമുക്തി നേടിയിരിക്കുന്നത്.

ഇതിനിടെ രാജ്യത്ത് കൊവിഡ്  ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ഉണ്ടായ ആശയകുഴപ്പങ്ങൾക്ക് വിശദീകരണവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം തന്നെ രംഗത്തുവന്നു. 

ഖത്തറിൽ  കണ്ടെത്തിയ കൊവിഡ് കേസുകളിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് പൊതു  ആരോഗ്യ മന്ത്രലയം നൽകുന്ന വിശദീകരണം.കാരണം രാജ്യത്ത് കണ്ടെത്തിയ കേസുകളെല്ലാം വിദേശത്തുനിന്നെത്തിയവരിൽ നിന്നും അവരുമായി സമ്പർക്കം പുലർത്തിയവരിലുമാണ്.    

ഇത്തരം ആളുകളെ കേന്ദ്രികരിച്ച്  പരിശോധനകൾ ശക്തമാക്കിയപ്പോഴാണ്  കൂടുതൽ വൈറസ് ബാധിതരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും  അവരെ  മുൻകൂട്ടി ക്വാറന്റൈൻ ചെയ്യുവാനും മന്ത്രാലയത്തിന്  സാധിച്ചത് . ഇതുമൂലം കൊവിഡിന്റെ സാമൂഹ്യ വ്യാപനനത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാൻ ഒരു പരിധിവരെ പൊതുജനനരോഗ്യ മന്ത്രലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയും ചില രാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയ ഉപകരണങ്ങളാണ് പരിശോധനക്കായി ലബോറട്ടറികളിൽ ഖത്തര്‍ ഉപയോഗിക്കുന്നത്. അതിനെല്ലാം പുറമെ  കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ സ്വീകരിക്കുന്ന ആദ്യ രാഷ്ട്രങ്ങളില്‍ ഒന്നായി ഖത്തര്‍ മാറി.

മറ്റ് ഗൾഫ് നാടുകളെ അപേക്ഷിച്ച് ഖത്തറിന്റെ പ്രതിരോധനടപടിക്രമങ്ങൾ എല്ലാം തന്നെ തികച്ചും സ്വദേശിയെന്നോ  വിദേശിയെന്നോ വേർതിരിവില്ലാത്തതാണെന്ന് എടുത്തുതന്നെ പറയേണ്ടതുണ്ട്. ഈ അടുത്ത കാലത്തായി രാജ്യത്തെ ജനങ്ങൾക്ക് ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ  കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍  എച്ച്.എം.സി അടക്കമുള്ള മിക്ക ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളും അവരുടെ 90 ശതമാനം ഒ.പി സേവനങ്ങളും വിദൂര സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്.

വൈറസ് രോഗബാധിതരുമായി മറ്റ് ആളുകൾ സമ്പർക്കം പുലർത്തുന്നത്  ഒഴിവാക്കുകയും അതിലൂടെ രാജ്യത്തിൻറെ സുരക്ഷാ ഉറപ്പാക്കുകയുമാണ് ഇത് ലക്ഷ്യം വെക്കുന്നത്.  

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഫീൽഡ് ഹോസ്പിറ്റലുകൾ,  ക്വാറൻറൈൻ ഏരിയകൾ, കൊവിഡ്  ഹെൽപ്പ് ലൈനുകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് രാജ്യത്ത് സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്.  

മാത്രവുമല്ല വൈറസ് പരിശോധനാ സൗകര്യങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയുടെ ലഭ്യതയും ഖത്തർ ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ, പാരാമെഡിക്കൽ പ്രൊഫഷണലുകൾക്ക് പി.പി.ഇ കിറ്റുകളും രോഗികൾക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ  നിന്ന് മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ഡോർ ഡെലിവറി സേവനങ്ങളും രാജ്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ പൗരന്മാരെ സ്വദേശിയരെന്നോ വിദേശിയരെന്നോ വ്യത്യാസമില്ലാതെയുള്ള ഖത്തർ സർക്കാരിന്റെ കരുതലിനെ ഈ അടുത്ത ദിവസത്തിലായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി  പി.കുമരൻ പ്രശംസിക്കുകയുണ്ടായി.

ഖത്തറിലുള്ള എല്ലാവർക്കും സൗജന്യ കൊവിഡ് -19 അനുബന്ധ ചികിത്സ നൽകുമെന്ന് ഖത്തർ സർക്കാർ പ്രഖ്യാപിച്ചതും, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ആവശ്യമായ ഡോക്ടർമാർ, പാരാമെഡികൽ ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനങ്ങൾ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് നടത്തിവരുന്നതും  തികച്ചും പ്രശംസനീയമാണെന്ന്  ഇന്ത്യൻ സ്ഥാനപതി പറയുകയുണ്ടായി.

പല രാജ്യങ്ങളും മാതൃകയാക്കേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഖത്തർ ഇതുവരെ നടത്തിവരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് വൈറസുമായി ബന്ധപ്പെട്ട  സാമൂഹ്യ വ്യാപനം ഉണ്ടാവാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചു  തന്നെ പറയാം. ഈ ആരോഗ്യ പ്രതിസന്ധിയിൽ നിന്നും ഖത്തർ  വിജയിച്ചിരിക്കും എന്നതിൽ സംശയമില്ല.
Top