News Desk

2021-03-07 10:43:10 pm IST
കെയ്‌റോ: താന്‍ ആഫ്രിക്കയിലെത്തിയ സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോ പോസ്റ്റുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായാണ് അന്‍വര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യം വന്നു. ബാധ്യത തീര്‍ക്കാനാണ് വിദേശത്തേക്ക് പോയത്. രാഷ്ട്രീയ ശത്രുക്കള്‍ ഇന്നുവരെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു എം.എല്‍.എയെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടാവുമോ എന്ന് തനിക്കറിയില്ലെന്നും അന്‍വര്‍ വീഡിയോയിലൂടെ വ്യക്തമാക്കി. 

'2016ലാണ് ഇടതുപക്ഷം എനിക്ക് സീറ്റ് നല്‍കിയത്. ലക്ഷ്യം ജനങ്ങളെ സഹായിക്കുക എന്നതും സര്‍ക്കാരിന്റെ സഹായം ജനങ്ങളിലേക്ക് എത്തിക്കുക എന്നതുമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം നാടിന്റെ വികസനത്തിന് പരമാവധി പരിശ്രമിച്ചു. എംഎല്‍എ എന്ന നിലയ്ക്ക് ചെയ്യാന്‍ സാധിക്കുന്നതിലപ്പുറം ജനങ്ങള്‍ക്കായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും ഞാന്‍ തിരിച്ച് പ്രതീക്ഷിച്ചിട്ടില്ല. ഈ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റ് വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ഏഴോളം സ്റ്റാഫുകളെ പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിലമ്പൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഡീസലും 75000 രൂപയുടെ ട്രെയിന്‍ അലവന്‍സുമല്ലാതെ ഒരു പൈസയും ഞാന്‍ കൈപ്പറ്റിയിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. 

എം.എല്‍.എമാര്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അവസരമുണ്ട്. ഇന്നുവരെ ഒരു വിമാന ടിക്കറ്റും സര്‍ക്കാര്‍ ചെലവില്‍ ഞാന്‍ എടുത്തിട്ടില്ല. കുട്ടികള്‍ക്കോ കുടുംബങ്ങള്‍ക്കോ ചികിത്സക്ക് ഒട്ടനവധി സൌകര്യങ്ങളുണ്ട്. ഒരു പാരസെറ്റമോള്‍ പോലും സര്‍ക്കാര്‍ ചെലവില്‍ ഞാന്‍ വാങ്ങിയിട്ടില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യം വന്നു. ഓരോ മാസം കഴിയുമ്പോഴും ഓരോ സ്ഥാപനവും അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായി. വരുമാനം പാടേ നിലച്ചു. രാഷ്ട്രീയ ശത്രുക്കള്‍ ഇന്നുവരെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു എം.എല്‍.എയെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടാവുമോ എന്ന് എനിക്കറിയില്ലെന്നും അന്‍വര്‍ വിശദമാക്കി. 

അതെല്ലാം സഹിച്ച് അവിടെ നിന്നു. സ്വത്ത് ഉണ്ടായിട്ടും ബാധ്യത വീട്ടാനാവാത്ത നിര്‍ഭാഗ്യവാനാണ് ഞാന്‍. എന്റെ ഭൂമിയില്‍ നിന്ന് ഒരിഞ്ചു ഭൂമി വാങ്ങാന്‍ ഒരാളും ധൈര്യപ്പെടുന്നില്ല. അന്‍വറിന്റെ ഏത് ഭൂമി എടുത്താലും ഏത് വീട് വാങ്ങിയാലും ഏത് അപാര്‍ട്‌മെന്റ് എടുത്താലും ഏത് ബിസിനസുമായി സഹകരിച്ചാലും അതൊന്നും നിയമപരമല്ല, അതിലൊക്കെ കേസ് വരും, കുടുങ്ങിപ്പോകും എന്ന് പ്രചരിപ്പിച്ചു. ബാധ്യത തീര്‍ക്കാനുള്ള ഭൂമിയും സമ്പത്തും കയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി എന്തുചെയ്യണം എന്ന ആലോചനയുടെ ഭാഗമായിട്ടാണ് മണ്ഡലത്തില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവന്നത്. ഉത്തരവാദിത്തമെല്ലാം നിര്‍വഹിച്ച് ത്രിതല പഞ്ചായത്തിന് ശേഷമാണ് ഞാന്‍ കേരളത്തില്‍ നിന്ന് പശ്ചിമ ആഫ്രിക്കയിലെത്തിയതെന്നും അന്‍വര്‍ വീഡിയോയില്‍ വിശദമാക്കുന്നു. 

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ്‌ALSO WATCH കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top