News Desk

2020-02-27 02:51:28 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. മുരളീധറിനെ ഇന്നലെ രാത്രി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായിരിക്കുകയാണ്. പൗരത്വ നിയമ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി കലാപത്തിനു ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതിന് ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പൊലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്നലെ രാത്രി 11നു ശേഷമാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.

ഡല്‍ഹി കലാപം സംബന്ധിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണമാവശ്യപ്പെട്ടുള്ള കേസ് ഇന്നലെ തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ചില്‍നിന്നു മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുക. ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ കഴിഞ്ഞ 12നു കൊളിജീയം ശുപാര്‍ശ ചെയ്തിരുന്നതാണ്.

ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവില്‍ സീനിയോറിറ്റിയില്‍ രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ വിരമിക്കുമ്പോള്‍ അദ്ദേഹമാണ് ചീഫ് ജസ്റ്റിസ് ആകേണ്ടത്. സാധാരണ സ്ഥലമാറ്റ ഉത്തരവില്‍ ജോലിക്കു ചേരാനുള്ള സമയം വ്യക്തമാക്കാറുള്ളതാണ്. ഇന്നലെ അര്‍ധ രാത്രിയിറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പക്ഷേ, ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. മുരളീധറിനെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാര്‍ശ സംബന്ധിച്ച  വിവരം കഴിഞ്ഞദിവസം പുറത്തുവന്നപ്പോള്‍ തന്നെ വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതാണ്.

1984ലെ സിഖ് വിരുദ്ധ കലാപം പോലുള്ളത് രാജ്യത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ ഇന്നലെ ഡല്‍ഹി പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ജസ്റ്റിസ് എസ്. മുരളീധര്‍ ആവശ്യപ്പെട്ടിരുന്നു. 

തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് മുരളീധര്‍, ദീര്‍ഘകാലം സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇരയാവര്‍ക്കും നര്‍മദ അണക്കെട്ട് പദ്ധതി കാരണം കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി നിര്‍ണായകരമായ നിയമ പോരാട്ടം നയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമ കമ്മീഷന്റെ പാര്‍ട്ട് ടൈം അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്.

ഭീമ കൊറൊഗാവ് കേസില്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയുടെ റിമാന്‍ഡ് പിന്‍വലിച്ചതും 1984 ലെ സിഖ് കലാപത്തിലെ പ്രതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും ജഡ്ജിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു.

2009 ല്‍ മുരളീധര്‍ കൂടി അംഗമായ ബെഞ്ചാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പൊതുതാല്‍പ്പര്യ ഹരജി രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഹരജിയാണെന്നു വിധി പറഞ്ഞതും ജസ്റ്റീസ് മുരളീധറായിരുന്നു.

ഇതിന് പുറമെയാണ് സുപ്രീം കോടതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതിലും മുരളീധര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ജഡ്ജിയെ 'സര്‍' എന്ന സംബോധന ചെയ്താല്‍ മതിയെന്ന് ഇദ്ദേഹം വ്യക്തമാക്കിയതും ശ്രദ്ധേയമായിരുന്നു. ആര്‍.എസ്എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി ഇദ്ദേഹത്തിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ഗുരുമൂര്‍ത്തിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയുണ്ടായി. 

വിവിധ കലാപങ്ങളിലെ ഇരകള്‍, വിചാരണത്തടവുകാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍, ജോലി സ്ഥലത്ത് ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന വിധികളായിരുന്നു അദ്ദേഹം പുറപ്പെടുവിച്ചതില്‍ ഭൂരിഭാഗവും.

ഡല്‍ഹി കലാപസമയത്തും അദ്ദേഹം ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടു. തുടര്‍ന്നാണ് സ്ഥലംമാറ്റം. ഡല്‍ഹി കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ഡല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.

പ്രസംഗങ്ങള്‍ കേട്ടില്ലെന്നു കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞപ്പോള്‍, കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ജസ്റ്റിസ് മുരളീധര്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

കൂടാതെ കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ തയ്യാറാക്കണമെന്നും ജസ്റ്റിസ് മുരളീധര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

മാത്രമല്ല മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത രണ്ടാഴ്ചത്തേക്ക് എല്ലാ ജില്ലകളിലും രാത്രികാലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ ജഡ്ജിമാരോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണമെന്നു പറയുകയും കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു. 

Top