News Desk

2021-03-03 01:37:06 pm IST
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഗൊരഖ്പുര്‍ സ്വദേശിയായ യുവാവിന്റെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. 

ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും അതുകൊണ്ട് തന്നെ നിങ്ങള്‍ക്കൊപ്പം ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനും ആകില്ലെന്ന് കോടതി യുവാവിനോട് പറഞ്ഞു. 'നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് ? ഒരുത്തരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് പറയാനും ഭാര്യ ഭര്‍ത്താവിന്റെ സ്വത്താണോ?' ബഞ്ച് ചോദിച്ചു.

കുറച്ചുകാലമായി അകന്നു കഴിയുകയാണ് ഇരുവരും. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലം യുവതി 2013ല്‍ ഗോരഖ്പൂര്‍ കുടുംബകോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയും നേടി. പ്രതിമാസം ഭാര്യയ്ക്ക് ചെലവിനായി ഇരുപതിനായിരം രൂപ നല്‍കണമെന്നായിരുന്നു വിധി. ഇതിനു പിന്നാലെ കൂടെ ജീവിക്കാന്‍ സന്നദ്ധമാണ് എന്നറിയിച്ച് ഭര്‍ത്താവ് മേല്‍ക്കോടതിയില്‍ ഹരജി നല്‍കി.

കൂടെ ജീവിക്കാന്‍ തയ്യാറായ തനിക്ക് ഹിന്ദു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ജീവനാംശം നല്‍കേണ്ടതില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍ അലഹബാദ് ഹൈക്കോടതി ഈ ആവശ്യം തള്ളി. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനുള്ള പദ്ധതിയാണ് ഭര്‍ത്താവിന്റേത് എന്നാണ് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അനുപം മിശ്ര വാദിച്ചത്. യുവതിക്കൊപ്പം ജീവിക്കാന്‍ സന്നദ്ധമാണെന്നും അതിന് ഉത്തരവിടണമെന്നുള്ള ഭര്‍ത്താവിന്റെ അഭിഭാഷകന്റെ വാദത്തിനിടെയാണ് കോടതി നിങ്ങളുടെ സ്വകാര്യ സ്വത്താണോ എന്ന് കോടതി ചോദിച്ചത്.

2018ലും കോടതി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. ഭാര്യ സ്വത്തോ, വസ്തുവോ അല്ലെന്നും ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഉത്തരവിടാന്‍ ആകില്ല എന്നുമായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങുന്ന ബഞ്ച് വ്യക്തമാക്കിയിരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top