വാഷിങ്ടണ്‍: സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' 93-ാമത് ഓസ്കാര്‍ പുരസ്കാരത്തിന് മത്സരിക്കാന്‍ യോഗ്യത നേടി.
മികച്ച നടന്, മികച്ച നടി, മികച്ച സംവിധായകന്, മികച്ച ഒര്‍ജിനല്‍ സ്കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. പൊതു വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏയ്ഞ്ചല്‍സില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. ഓണ്‍ലൈനായാണ് ഇത്തവണ ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്.
അടുത്ത ഘട്ടത്തില്‍ ഈ മാസം 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിന് ശേഷം 15 ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്'.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക