News Desk

2021-10-14 09:10:46 pm IST
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പി. ചിദംബരം. പനാജിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഗോവയില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക ചിദംബരത്തിന്റെ നേതൃത്വത്തിലാണ്.'ചരിത്രത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ പറയട്ടെ. ഗോവയില്‍ ജയിച്ചാല്‍ ഡല്‍ഹിയിലും (കേന്ദ്രം) ജയിക്കും. 2007-ല്‍ നമ്മള്‍ ഗോവ നേടി. 2009-ല്‍ നമ്മള്‍ ലോക്ഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 2012-ല്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് ഗോവ നഷ്ടപ്പെട്ടു. 2014-ല്‍ നമ്മള്‍ കേന്ദ്രത്തിലും തോറ്റു. 2017-ല്‍ നിങ്ങള്‍ (പാര്‍ട്ടി പ്രവര്‍ത്തകരെ പരാമര്‍ശിച്ച്) ഗോവയില്‍ വിജയിച്ചു. പക്ഷേ നമ്മുടെ നിയമസഭാംഗങ്ങള്‍ക്ക് ഗോവ നഷ്ടമായി'- 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതു ചൂണ്ടിക്കാട്ടി ചിദംബരം പറഞ്ഞു

2017-ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയുണ്ടായി. എന്നാല്‍ ബി.ജെ.പി സ്വതന്ത്രരെയും ചില പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് പല കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപിയിലെത്തി. നിലവില്‍ നാല് എം.എല്‍.എമാര്‍ മാത്രമാണ് ഗോവയില്‍ കോണ്‍ഗ്രസിനുളളത്.

ഇത്തവണ തന്റെ പാര്‍ട്ടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണെന്നും 2022-ല്‍ ഗോവയും 2024-ല്‍ ഡല്‍ഹിയും പിടിക്കുമെന്നും ചിദംബരം പറഞ്ഞു. ചരിത്രം നമ്മുടേതാണെന്ന് ചിദംബരം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെകൊണ്ടുവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും ചിദംബരം പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top