News Desk

2021-11-07 01:13:37 pm IST
അബുദാബി: ഗള്‍ഫില്‍ മഞ്ഞുകാലം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍ രംഗത്ത്.

വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസും, ഗതാഗത വകുപ്പും അറിയിച്ചു. വരും ദിവസങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയും (എന്‍.സി.എം.എം) അറിയിച്ചു.

ഡിസംബര്‍ വരെ മഞ്ഞുകാലം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പുലര്‍ച്ചെ നാലു മുതല്‍ രാവിലെ എട്ടു വരെയുള്ള സമയത്താണ് മൂടല്‍മഞ്ഞ് കൂടുതലായി അനുഭവപ്പെടുക. 

മഞ്ഞുള്ള സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുന്നതിനാല്‍ ഉച്ച നേരങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. അബുദാബിയിലും ദുബൈയിലും ശരാശരി താപനില 20-30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഈര്‍പ്പം 85 ശതമാനം വരെ.

ഈ സമയങ്ങളില്‍ ദൂരക്കാഴ്ച പരിധി വളരെയധികം കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍  മുന്നറിയിപ്പു നല്‍കി.  

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍: 

* വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുക

* പെട്ടെന്ന് ലെയ്ന്‍ മാറാതിരിക്കുക

* ഓവര്‍ടേക്കിങ് ഒഴിവാക്കുക

* ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകള്‍ മാത്രം പിന്തുടരുക

*  അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കരുത്

* മുന്നിലുള്ള വാഹനം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാല്‍ സുരക്ഷിത അകലത്തില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിക്കുക.

* മൂടല്‍മഞ്ഞ്, മണല്‍ക്കാറ്റ്, മഴ, പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം തുടങ്ങി അസ്ഥിര കാലാവസ്ഥകളില്‍ വേഗപരിധി 80 കി.മീ ആയി കുറയ്ക്കണം.

* നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top