News Desk

2021-04-28 04:00:15 pm IST

കൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരേ അജ്ഞാതന്റെ ആക്രമണം. മുളന്തുരുത്തി സ്വദേശിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നശേഷം ആക്രമിച്ചത്. ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവതിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ വിശദമായ പരിശോധന തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒലിപ്പുറത്തുവെച്ചാണ് സംഭവമുണ്ടായതെന്ന് മുളന്തുരുത്തി എസ്.ഐ പറഞ്ഞു. 

ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവതി മാത്രമാണ് ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന്‍വിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതന്‍ യുവതിയുടെ അടുത്തെത്തുകയായിരുന്നു.

പിന്നാലെ സ്‌ക്രൂഡ്രൈവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങിച്ചെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. അതേസമയം, യുവതിയെ ഇയാള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതാണോ രക്ഷപ്പെടാനായി ചാടിയതാണോ എന്നത് വ്യക്തമല്ല. 

ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ റെയില്‍വേ പൊലീസാണ് കേസെടുത്തിരിക്കുന്നതെന്നും യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നും മുളന്തുരുത്തി പൊലീസ് പറഞ്ഞു. പ്രതി ഒരു കണ്ണിനു മാത്രം കാഴ്ച്ച ഉള്ള ആളെന്നു റയില്‍വേ സരക്ഷണ സേന വിശദമാക്കുന്നത്. ഇയാളെ പിടികൂടാന്‍ ശ്രമം തുടങ്ങിയെന്നും ആര്‍.പി.എഫ് പ്രതികരിച്ചു. കവര്‍ച്ച ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സൂചനയെന്നും ആര്‍.പി.എഫ് വിശദമാക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top