News Desk

2021-05-01 01:06:01 pm IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന 35കാരിയായ എഞ്ചിനീയര്‍ക്ക് കാറില്‍ ദാരുണാന്ത്യം. നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്താണ് സംഭവം.

കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതോടെ ജാഗ്രതി ഗുപ്ത ആശുപത്രിയിലെത്തുകയായിരുന്നു. ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്ഥന്‍ ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മൂന്നുമണിക്കൂറിലധികം യുവതിയും വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറില്‍ കഴിഞ്ഞു.

പിന്നീട് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെ ജാഗ്രതി ഗുപ്ത കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടിലാണ് യുവതിയുടെ താമസം. ഭര്‍ത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്.

യുവതിയുടെ വീട്ടുടമസ്ഥന്‍ സഹായത്തിനായി യാചിക്കുമ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആരും അദ്ദേഹത്തെ കേള്‍ക്കാന്‍ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവര്‍ വീണു. ഇതോടെ അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തുകയും യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ജീവനക്കാര്‍ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു, ദൃക്‌സാക്ഷിയായ സചിന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഓക്‌സിജന്‍ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് വെല്ലുവിളിയാകുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top