News Desk

2021-02-16 05:15:08 pm IST
കാന്‍ബറ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് യുവതി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ ജോലിസ്ഥലത്തെ പരാതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നു അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 2019-ല്‍ പ്രതിരോധമന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സിന്റെ ഓഫിസില്‍വച്ച് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടിയിലെ ഒരാള്‍ തന്നെ ബലാല്‍സംഗപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. ഏപ്രില്‍ ആദ്യം തന്നെ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത ചൂണ്ടിക്കാട്ടി രേഖാമൂലം പരാതി നല്‍കാന്‍ യുവതി തയാറായിരുന്നില്ല. 

ആക്രമണത്തെക്കുറിച്ച് റെയ്‌നോള്‍ഡ്‌സിന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായി യുവതി വ്യക്തമാക്കി. തന്നെ ആക്രമിച്ചതായി പറയുന്ന ഓഫീസിലെ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു. ബലാല്‍സംഗത്തെക്കുറിച്ച് യുവതി തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പരാതി നല്‍കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി മോറിസണ്‍ സംഭവത്തില്‍ മാപ്പു ചോദിക്കുകയും അന്വേഷണം ഉറപ്പു നല്‍കുകയും ചെയ്തു. ഇതൊരിക്കലും നടക്കാന്‍ പാടുണ്ടായിരുന്നതല്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇവിടെ ജോലി ചെയ്യുന്ന ഏതൊരു യുവതിയും സുരക്ഷിതരാണെന്നത് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിബറല്‍ പാര്‍ട്ടി അംഗവും പാര്‍ലമെന്റിലെ മാധ്യമവിഭാഗം ജീവനക്കാരിയുമായിരുന്ന 24-കാരിയാണ് കഴിഞ്ഞദിവസം ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top