News Desk

2021-03-14 01:03:16 pm IST
ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ പിസ്സക്ക് പകരം നോണ്‍ വെജിറ്റേറിയന്‍ പിസ്സ നല്‍കിയ റസ്റ്ററന്റിനെതിരെ പരാതിയുമായി യുവതി. ഉത്തര്‍ പ്രദേശ് ഗാസിയാ ബാദിലെ അമേരിക്കന്‍ റസ്റ്ററന്റിനെതിരെയാണ് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിനി ദീപാലി ത്യാഗി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പിസ്സയില്‍ ഇറച്ചി കടിച്ച സംഭവം തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചുവെന്നും കുടുംബ പാരമ്പര്യത്തിനും മനസാക്ഷിക്കും എതിരായ കാര്യമാണ് ചെയ്തതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.

2019 മാര്‍ച്ച് 21നാണ് പിസ്സ ഔട്ട്ലെറ്റില്‍ നിന്ന് വെജിറ്റബ്ള്‍ പിസ്സക്ക് ദീപാലി ഓര്‍ഡര്‍ ചെയ്തത്. സമയം വൈകി ലഭിച്ചതിനാല്‍ നോണ്‍-വെജ് ആണെന്ന് ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് പിസ്സയില്‍ കൂണിന് പകരം ഇറച്ചി കഷണങ്ങളുണ്ടെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടതായി ഇവരുടെ അഭിഭാഷകന്‍ ഫര്‍ഹത് വാര്‍സി ഉപഭോക്തൃ കോടതിയെ അറിയിച്ചു. 

പരാതിയെ തുടര്‍ന്ന് പിസ ഔട്ട്ലെറ്റ് അധികൃതര്‍ യുവതിയോട് ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഇവരുടെ അശ്രദ്ധ മൂലം തന്റെ മതത്തിന്റെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു.

തന്റെ മതവിശ്വാസ പ്രകാരം ഏതെങ്കിലും മൃഗത്തെ കൊന്ന് മാംസം കഴിക്കുന്നത് പാപമാണെന്നും നോണ്‍ വെജ് പിസ്സ കഴിച്ചതോടെ ഈ പാപത്തില്‍ പങ്കാളിയായതായും യുവതി പരാതിയില്‍ പറഞ്ഞു. തന്റെ മനസ്സിനെ മുറിവേല്‍പിച്ച ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ദീപാലി ത്യാഗി ഉപഭോക്തൃ കോടതിയോട് ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പിസ്സ ഔട്ട്ലെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 17നാണ് അടുത്ത ഹിയറിങ്ങ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top