News Desk

2021-03-18 06:02:53 pm IST

അജ്മാന്‍: 414 തവണ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ യുവതിയുടെ വാഹനം അജ്മാന്‍ ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. അമിതവേഗത, നിയവിരുദ്ധമായി ലെയിന്‍ മാറല്‍, അനധികൃത ഓവര്‍ടേക്കിംഗ് തുടങ്ങിയ കുറ്റങ്ങളാണ് 30-കാരിക്കെതിരെയുള്ളത്. 

ആഴ്ചയില്‍ ശരാശി നാല് എന്ന തോതില്‍ മൂന്ന് വര്‍ഷത്തിനിടെയാണ് 414 ട്രാഫിക് നിയമലംഘനങ്ങള്‍ ഇവര്‍ നടത്തിയത്. ഇതിനെല്ലാം കൂടി 2,47,00 ദിര്‍ഹം അതായാത് 49 ലക്ഷം രൂപയോളമാണ് പിഴ ശിക്ഷയുള്ളത്. 

ഇവര്‍ക്കെതിരെയുള്ള ട്രാഫിക് കേസുകള്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ പൊലീസ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് കണ്‍ട്രോള്‍ വിഭാഗം മേധാവി മേജര്‍ റാഷിദ് ഹാമിദ് ബിന്‍ ഹിന്ദി പറഞ്ഞു. 

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന റഡാറുകളാണ് യുവതിയുടെ അമിത വേഗം ഉള്‍പ്പെടെയുള്ള ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസന്‍സ്. ആറു മാസത്തിനുള്ളില്‍ പിഴയടച്ചിട്ടില്ലെങ്കില്‍ വാഹനം പരസ്യലേലത്തില്‍ വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

റോഡ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗത ആണെന്ന് മേജര്‍ ബിന്‍ ഹിന്ദി പറഞ്ഞു. യു.എ.ഇയില്‍ മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വേഗപരിധി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ അതിനേക്കാള്‍ വേഗത കൂടിയാല്‍ 3,000 ദിര്‍ഹം ആണ് പിഴ. 23 ട്രാഫിക് ബ്ലാക്ക് പോയിന്റും കിട്ടും. അതോടൊപ്പം വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടും. 

മണിക്കൂറില്‍ 60 കിലോമീറ്റര്‍ പരിധി ലംഘിച്ചാല്‍ 2,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുമാണ് ശിക്ഷ. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചുവയ്ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സ്ഥലത്തെയും വേഗ പരിധി ശ്രദ്ധിച്ചു വേണം വാഹനമോടിക്കാനെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top