News Desk

2021-04-01 01:26:45 pm IST

റാസല്‍ഖൈമ: സി.ഐ.ഡി ഉദ്യോഗസ്ഥരെ അപമാനിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അന്വഷണം നടത്തുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ നഗ്‌നനയാവുകയും ചെയ്ത യുവതിയ്ക്ക്  10 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും വിധിച്ച് റാസല്‍ഖൈമ ക്രിമിനല്‍ കോടതി. 

രണ്ട് സ്ത്രീകള്‍ക്കെതിരെ കൂടെ താമസിക്കുന്ന മറ്റു രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിനായി പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയത്. തങ്ങളെ ആക്രമിച്ചെന്നും അപമാനിച്ചെന്നും സാധനങ്ങള്‍ മോഷ്ടിച്ചെന്നും കാണിച്ച് രണ്ട് സ്ത്രീകള്‍ മാമുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പരാതി അന്വേഷിക്കാന്‍ രണ്ട് പോലീസുകാര്‍ യുവതികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് സംഭവം. പൊലീസ് എത്തിയപ്പോള്‍ കുറ്റാരോപിതരായ രണ്ട് സ്ത്രീകളില്‍ ഒരാള്‍ അവരെ തള്ളിമാറ്റുകയും ഒരു പൊലീസുകാരന്റെ തൊപ്പി തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്വയം വിവസ്ത്രയായി പൊലീസുകാര്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. 

കുറ്റാരോപിതയായ രണ്ടാമത്തെ യുവതി, രണ്ട് പൊലീസുകാരെയും ഭീഷണിപ്പെടുത്തിയെന്നും അവരുടെ കൈയ്ക്ക് പരിക്കേറ്റതായും ആരോപിച്ചു. കേസ് റാസല്‍ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ റാസല്‍ഖൈമ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. 

തെളിവുകളുടെ അഭാവത്തില്‍ രണ്ടാമത്തെ സ്ത്രീയെ കുറ്റവിമുക്തമാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ആദ്യത്തെ സ്ത്രീ താന്‍ വസ്ത്രം അഴിച്ചുമാറ്റി പൊലീസിനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

രണ്ടാമത്തെ സ്ത്രീ പൊലീസുകാരെ എതിര്‍ത്തിട്ടില്ലെന്ന് രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികളും സ്ഥിരീകരിച്ചതായും ഒരു പ്രശ്നവും ഉണ്ടാക്കാതെ പൊലീസുകാര്‍ക്കൊപ്പം കാറില്‍ കയറിയെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. 

ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 88, 177 എന്നിവ അനുസരിച്ച് ആദ്യത്തെ സ്ത്രീ കഠിനമായ ശിക്ഷയ്ക്ക് അര്‍ഹയാണെന്ന് കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 358 അനുസരിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പ്രത്യേക ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു. രണ്ടാമത്തെ സ്ത്രീയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top