News Desk

2021-03-13 06:57:47 pm IST
ജക്കാര്‍ത്ത: ഹിപ്പോപൊട്ടാമസിന്റെ വായിലേക്ക് സന്ദര്‍ശകരിലൊരാള്‍ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞുകൊടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാപ്പ് പറഞ്ഞ് കുറ്റക്കാരിയായ സ്ത്രീ. ഇന്തോനേഷ്യയിലെ സഫാരി പാര്‍ക്കിലാണ് സംഭവം നടന്നത്. 

സിന്റിയ അയു എന്ന സ്ത്രീ ദൃശ്യംപകര്‍ത്തി ടിക്‌ടോക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. അതിന് പിന്നിലുള്ളയാളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നായി ആളുകളുടെ ആവശ്യമുയര്‍ത്തിയിരുന്നു. സന്ദര്‍ശകരില്‍ നിന്നും എന്തെങ്കിലും ഭക്ഷണം പ്രതീക്ഷിച്ച് വാ തുറന്നുവെച്ച ഹിപ്പോപൊട്ടാമസിനായിരുന്നു പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും എറിഞ്ഞുകൊടുത്തത്. 

കാറിനുള്ളില്‍ നിന്ന് ഒരു സ്ത്രീ പ്ലാസ്റ്റിക് ബോട്ടില്‍ ഹിപ്പോയുടെ വായിലേക്ക് എറിയുന്നത് താന്‍ കണ്ടതായി ദൃശ്യം പകര്‍ത്തിയ സ്ത്രീ പറഞ്ഞു. അവരെ തനിക്ക് തടയാനായില്ലെന്നും താന്‍ ഹോണടിച്ചിരുന്നു. എന്നാല്‍, അവര്‍ എന്നെ ശ്രദ്ധിച്ചിരുന്നില്ല. പകരം ഞാന്‍ ഓഫീസര്‍മാരെ സഹായത്തിന് വിളിക്കുകയാണ് ചെയ്തതെന്നും സിന്റിയ പ്രതികരിച്ചു. പ്ലാസ്റ്റിക് കുപ്പി മാത്രമായിരുന്നില്ല മൃഗത്തിന്റെ വായിലേക്ക് വലിച്ചെറിഞ്ഞത്. ഒപ്പം മറ്റ് മാലിന്യങ്ങളുമുണ്ടായിരുന്നെന്നും വായിലേക്ക് മാലിന്യം എറിയുന്നതിന്റെ ദൃശ്യങ്ങള്‍ തനിക്ക് പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും എന്നാലും, അതിനെല്ലാം സാക്ഷിയായി അവിടെ കുറേപേരുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

അതേസമയം, ഹിപ്പോപൊട്ടാമസിനെ പരിശോധിച്ച മൃഗശാല അധികൃതര്‍ക്ക് അതിന്റെ വായില്‍ നിന്ന് പ്ലാസ്റ്റിക് ബോട്ടില്‍, ട്വിഷ്യു എന്നിവ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പിന്നാലെ, കാറിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് കുറ്റക്കാരിയായ ഖദീജ എന്ന സ്ത്രീയെ കണ്ടെത്തി. മനഃപ്പൂര്‍വ്വം ചെയ്തതല്ലെന്നും, അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമാക്കിയതായും ശേഷം മാപ്പുപറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top