News Desk

2021-06-06 03:30:02 pm IST
ദക്ഷിണാഫ്രിക്ക: എച്ച്.ഐ.വി ബാധിതയായ 36-കാരിയില്‍ കൊവിഡിന്റെ അപകടകരമായ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം. 216 ദിവസത്തോളം ഇവരില്‍ വൈറസിന്റെ സാന്നിധ്യം നിലനിന്നതായും മുപ്പതിലധികം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചതായും മെഡ്ആര്‍ക്കൈവ് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2006-ലാണ് ക്വാസുലു നതാല്‍ സ്വദേശിയായ യുവതിയ്ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. 2020 സെപ്റ്റംബറില്‍ കൊവിഡ് ബാധിച്ച യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരത്തക്കവിധത്തില്‍ 13 വകഭേദങ്ങളും 19 മറ്റു ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അപകടശേഷി കൂടിയ ആല്‍ഫ വകഭേദത്തില്‍ പെടുന്ന E484k, ബീറ്റ വകഭേദത്തില്‍ പെടുന്ന N510Y എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. ഈ ജനിതകമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

യുവതിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, ക്വാസുലു നതാല്‍ മേഖലയില്‍ കൊവിഡിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയതില്‍ യാദൃശ്ചികതയില്ലെന്നും ഈ പ്രദേശത്ത് പ്രായപൂര്‍ത്തിയായ നാല് പേരില്‍ ഒരാളെങ്കിലും എച്ച്.ഐ.വി പോസിറ്റീവാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഗുരുതര എച്ച്.ഐ.വി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്നും പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തില്‍ കൊവിഡിന് ദീര്‍ഘകാലം തുടരാനാവുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. എച്ച്.ഐ.വി ബാധിതരെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജ്ജിതപ്പെടുത്തുന്നത് എച്ച്.ഐ.വി മൂലമുള്ള മരണനിരക്കും രോഗവ്യാപനവും തടയാന്‍ സഹായിക്കുമെന്നും പുതിയ കൊവിഡ് വകഭേദങ്ങളുണ്ടാവുന്നതും കൊവിഡിന്റെ പുതിയതരംഗങ്ങളുണ്ടാകുന്നതും പ്രതിരോധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top