News Desk

2021-03-08 06:16:13 pm IST

ദോഹ: സ്ത്രീശാക്തീകരണത്തില്‍ അതിവേഗം മുന്നോട്ടു കുതിച്ച് ഖത്തര്‍. രാജ്യത്തെ നാനാവിധ മേഖലകളിലും സുപ്രധാന പദവികളില്‍ വഹിക്കുന്നതാണ് സ്ത്രീകളാണ്. ഭരണത്തിലും തൊഴില്‍ മേഖലകളിലും കായിക സാംസ്‌കാരിക കലാമേഖലകളിലും സ്ത്രീകളുടെ പ്രാധിനിത്യം കൂടുതലുണ്ട് ഖത്തറില്‍. 

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തന മേഖലകളിലാണ് രാജ്യത്ത് വനിതകള്‍ കൂടുതലായി ജോലി ചെയ്യുന്നത്. നയരൂപീകരണ തസ്തികകളില്‍ മാത്രം വനിതകളുടെ പങ്കാളിത്തം 30 ശതമാനമാണെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തരി ദേശീയ ദര്‍ശന രേഖ 2030, ജനസംഖ്യ നയം 2017-2022 എന്നിവ ഉന്നത തസ്തികകളിലെ വനിതകളുടെ എണ്ണം ഉയര്‍ത്തുന്നതിനും വനിതകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

തൊഴില്‍സ്ഥലങ്ങളില്‍ 25 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ 37 ശതമാനത്തിലധികവും വനിതകളാണ്. 30 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ 49 ശതമാനത്തിലധികവും വനിതകളാണ്.

2017 നവംബറില്‍ ഉപദേശക കൗണ്‍സിലില്‍ ആദ്യമായി വനിതകള്‍ അംഗങ്ങളായി. നാലു വനിതകളെയാണ് ശൂറകൗണ്‍സിലിലേക്ക് അമീര്‍ നിയോഗിച്ചത്. വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും അനുമതി നല്‍കിയതുള്‍പ്പെടെ സുപ്രധാന പുരോഗതിയാണ് ഖത്തര്‍ കൈവരിച്ചത്. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുകയും വോട്ടെടുപ്പില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്.

പ്രാദേശിക വിപണിയില്‍ ഖത്തരി വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ നിക്ഷേപം 20 മുതല്‍ 25 ബില്യണ്‍ റിയാലാണ്. 2003-ല്‍ ആദ്യ വനിത പ്രോസിക്യൂട്ടറായി മറിയം അബ്ദുല്ല അല്‍ജാബിറിനെ നിയമിച്ചിരുന്നു. മേഖലയില്‍തന്നെ ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. 2000-ല്‍ ഖത്തരി വനിതകള്‍ക്കായി പ്രത്യേക കായിക കമ്മിറ്റി രൂപീകരിച്ചിരുന്നു. 2012-ല്‍  ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഖത്തരി വനിതകള്‍ മത്സരിച്ചു.

ശൈഖ മൗസ ബിന്‍ത് നാസര്‍-ഏറ്റവും സ്വാധീനമുള്ള വനിത

ആഗോളതലത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിലൊരാളാണ് ശൈഖ മൗസ ബിന്‍ത് നാസര്‍. സിലാടെക്, എജുക്കേഷന്‍ എബൗ ഓള്‍ എന്നിവയുടെയെല്ലാം നേതൃസ്ഥാനത്ത് ശൈഖ മൗസയാണ്. വിദ്യാഭ്യാസമേഖലയില്‍ വന്‍മുന്നേറ്റം നടത്തുന്ന ഖത്തര്‍ ഫൗണ്ടേഷന്റെ നെടുംതൂണ്‍ ശൈഖ മൗസയാണ്. 

ഒരു വനിതയെ മന്ത്രിയാക്കിയ ആദ്യ ഗള്‍ഫ് രാജ്യം ഖത്തറാണ്. 2003-ലാണ് ശൈഖ അല്‍മഹ്മൂദിനെ വിദ്യാഭ്യാസ മന്ത്രിയാക്കിയത്. 2020 ജനുവരിയില്‍ ഇവര്‍ നിര്യാതയായി. 2008-ല്‍ ആരോഗ്യമന്ത്രി വനിതയായിരുന്നു. 2013-ല്‍ കമ്യൂണിക്കേഷന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയായി ഹെസ അല്‍ജാബിറിനെ നിയമിച്ചു. നിലവിലെ മന്ത്രിസഭയില്‍ ഡോ. ഹനാന്‍ അല്‍കുവാരി ആരോഗ്യ മന്ത്രിയാണ്. 

വിവിധ രാജ്യാന്തര ഫോറങ്ങളിലും ഖത്തരി വനിതകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 2003-ല്‍ യു.എന്നിന്റെ അംഗപരിമിതര്‍ക്കായുള്ള സ്‌പെഷ്യല്‍ റാപ്പോര്‍ട്ടറായി ശൈഖ ഹെസ്സ ബിന്‍ത് ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയെ നിയമിച്ചിരുന്നു. 

യു.എന്നില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി, വനിതകള്‍ക്കെതിരായ വിവേചനം തുടച്ചുനീക്കുന്നതിനുള്ള കമ്മിറ്റി, അംഗപരിമിതര്‍ക്കായുള്ള കമ്മിറ്റി എന്നിവയില്‍ ഖത്തരി വനിതകള്‍ അംഗങ്ങളാണ്. യു.എന്നിന്റെ ജനീവയിലെ ഖത്തറിന്റെ ആദ്യ അംബാസഡറാണ് ശൈഖ ഉല്‍യ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനി. നിലവില്‍ ഖത്തറിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധിയാണ് ഇവര്‍. 

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ലുലുവ റാഷിദ് അല്‍ഖാതിറാണ്. ഈ തസ്തികയിലെത്തുന്ന ആദ്യ ഖത്തരി വനിതയാണിവര്‍. നിലവില്‍ വിദേശകാര്യ സഹമന്ത്രിയുമാണവര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നയതന്ത്രപദവികളിലുള്ള വനിതകളുടെ എണ്ണം 22 ആണ്. പത്തുവര്‍ഷം മുമ്പ് ഇത് മൂന്നുമാത്രമായിരുന്നു.

ഖത്തറില്‍ കൊവിഡ് പ്രതിരോധരംഗത്ത് മുന്‍നിരപ്പോരാളികളും വനിതകളാണ്. കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ്. 2016 വരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഡയറക്ടര്‍ ജനറല്‍ പദവിയിലിരുന്ന ഡോ. ഹനാന്‍ അല്‍ കുവാരി, 2016 മുതലാണ് പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 

ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി ഔദ്യോഗിക വക്താവ് ലുല്‍വ റാഷിദ് അല്‍ ഖാതിര്‍ ആണ്. നേരത്തേ വിദേശകാര്യമന്ത്രാലയത്തിലെ വാര്‍ത്താ വക്താവായിരുന്ന ലുല്‍വ അല്‍ ഖാതിര്‍, നിലവില്‍ വിദേശകാര്യ സഹമന്ത്രിയുമാണ്. കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ രാജ്യത്തിന്റെ നിര്‍ണായക തീരുമാനങ്ങളൊക്കെ വാര്‍ത്താസമ്മേളനങ്ങളിലൂടെ അറിയിച്ചിരുന്നത് ലുല്‍വ ആണ്.

കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടറായ ഡോ. മുന അല്‍ മസ്‌ലമാനി കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍പിടിക്കുന്ന പ്രധാന വനിതയാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കോര്‍പറേറ്റ് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍േട്രാള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജമീല അല്‍ അജ്മി, എച്ച്.എം.സി ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി മേധാവി ഡോ. ഈനാസ് അല്‍ കുവാരി, എച്ച്.എം.സി നഴ്‌സിങ് വിഭാഗം അസി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അസ്മ മൂസ എന്നിവരും രാജ്യത്തെ കൊവിഡ് പ്രതിരോധ മേഖലയിലെ മുന്നണി പോരാളികളാണ്. 

റുമൈല ആശുപത്രി, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഖത്തര്‍ റീഹാബിലിറ്റേഷന്‍ എന്നിവയുടെ മെഡിക്കല്‍ ഡയറക്ടറായ ഡോ. ഹനാദി അല്‍ ഹമദും ഈ രംഗത്തെ നിര്‍ണായക സാന്നിധ്യമാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ പരിചരണത്തിനും അവശ്യസേവനങ്ങള്‍ക്കുമായി രംഗത്തുള്ളത് 13,000-ത്തോളം നഴ്‌സുമാരാണ്. നഴ്‌സുമാരില്‍ നല്ലൊരു ശതമാനവും വനിതകളാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top