News Desk

2021-03-12 06:01:21 pm IST

കോഴിക്കോട്: കാല്‍നൂറ്റാണ്ടിനു ശേഷം മുസ്ലീം ലീഗിന് വനിതാ സ്ഥാനാര്‍ഥി. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥിയായി കോഴിക്കോട് സൗത്തില്‍ നിന്നും ജനവിധി തേടുന്നത്. 

1996-ന് ശേഷമാണ് ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിക്കുന്നത്. 1996-ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത്.

2018-ലാണ് ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നൂര്‍ബിന എത്തിയത്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ വനിതാ നേതാക്കള്‍ ആദ്യമായി അംഗമാകുന്നതും അത്തവണയായിരുന്നു. 

സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. 

ലീഗിന്റെ പ്രധാന വോട്ടു ബാങ്കായ ഇ.കെ സുന്നി നേതൃത്വത്തിന്റെ എതിര്‍പ്പാണ് മുസ്ലീം സ്ത്രീകളെ നിയമസഭ, ലോക്‌സഭ തെരെഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാതിരിക്കാന്‍ കാരണമായി ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്.

ഇതിന്റെ പേരില്‍ സമസ്തക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സമസ്ത സ്ത്രീ വിരുദ്ധ സംഘടനയാണെന്ന തരത്തിലും വലിയ പ്രചാരങ്ങളുണ്ടായി. ഇതോടെ മുസ്ലീം ലീഗ്  വനിതകളെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top