News Desk

2021-02-11 08:15:05 pm IST
കുവൈത്ത് സിറ്റി: പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കുവൈത്തിലും മീ ടൂ കാംപയിന്‍. കുവൈത്തിലെ പ്രസിദ്ധ ഫാഷന്‍ ബ്ലോഗര്‍ ആസിയ അല്‍ ഫറജാണ് കാംപയിന് തുടക്കമിട്ടിരിക്കുന്നത്. 

ഇതേത്തുടര്‍ന്ന് നിരവധി പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറായി മുന്നോട്ടിവന്നിട്ടുണ്ട്. ഇതാദ്യമായാണ് ഒരു അറബ് രാജ്യത്ത് മീ ടൂ ക്യാംപയിന്‍ വരുന്നത്.

രാജ്യത്ത് ചില പ്രശ്നങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആസിയ അല്‍ ഫറജ് കാംപയിനുമായി രംഗത്തെത്തിയത്. എപ്പോള്‍ പുറത്തിറങ്ങിയാലും തന്നെയും തന്നെപ്പോലെ മറ്റ് സ്ത്രീകളെയും ശല്യം ചെയ്യാന്‍ ചിലരുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. 

ആസിയ തന്റെ കാറിലേക്ക് നടക്കവെ അതിവേഗത്തില്‍ മറ്റൊരു വാഹനം അവരുടെ നേരെ വന്നതിനെ തുടര്‍ന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീകളെ ഇങ്ങനെ ശല്യം ചെയ്യാന്‍ നിങ്ങള്‍ക്കു നാണമില്ലേ എന്നും അവര്‍ ചോദിച്ചു. 

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ പീഡനം സാര്‍വത്രികമാണെന്നും താന്‍ ഇതിന്റെ ഇരയാണെന്നും അവര്‍ പറഞ്ഞു. ഇതോടെ ലൈംഗിക ആക്രമണങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുന്ന കാംപയിന്‍ കുവൈത്തില്‍ ചൂടുപിടിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയ 25 ലക്ഷം ഫോളോവേഴ്‌സുള്ള ബ്ലോഗറാണ് ആസിയ. ആസിയയുടെ വീഡിയോ വൈറലായിതിന് പിന്നാലെ വിദേശ പഠനത്തിന് ശേഷം കുവൈത്തില്‍ തിരിച്ചെത്തിയ 27-കാരി ഡോ. ശ്യാമ ഷമോയാണ് 'ലന്‍ അസ്‌കുത്ത്' (ഞാന്‍ മിണ്ടാതിരിക്കില്ല) എന്ന പുതിയ പ്ലാറ്റ് ഫോം തുടങ്ങിയത്. 

ലന്‍ അസ്‌കുത്ത് അക്കൗണ്ട് ആരംഭിച്ച ഉടന്‍ തന്നെ, വാക്കുകളിലൂടെയും ശാരീരികമായും ലൈംഗികമായും തങ്ങള്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചുള്ള നിരവധി സന്ദേശങ്ങള്‍ അതിലേക്ക് വന്നതായി അവര്‍ പറഞ്ഞു. നേരിട്ടും ഓണ്‍ലൈനായും നടക്കുന്ന നിരവധി പീഡനാനുഭവങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറായി.

അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ തിക്താനുഭവങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായി രംഗത്തെത്തയത്. കാംപയിന് പിന്തുണയുമായി കുവൈത്തിലെ യു.എസ് എംബസിയും രംഗത്തെത്തി. ഇത് പിന്തുണ അര്‍ഹിക്കുന്ന കാംപയിനാണെന്ന് എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അഭിപ്രായപ്പെട്ടു. 

'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവും. അത് യു.എസിലായാലും കുവൈത്തിലായാലും.', ലന്‍ അസ്‌കുത്ത് എന്ന ഹാഷ് ടാഗോടെ എംബസി വ്യക്തമാക്കി. 

അതേസമയം, ഇത്തരം പീഡനങ്ങളെ കുറിച്ചുള്ള പരാതികള്‍ പൊലിസ് കാര്യമായി എടുക്കുന്നില്ലെന്നും കുടുംബത്തിന് നാണക്കേട് ഭയന്ന് പലരും പീഡനങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാവുന്നില്ലെന്നും കുവൈത്തിലെ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് ഗവേഷക റോത്ന ബീഗം അഭിപ്രായപ്പെട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top