ദോഹ: ഖത്തറിലെ വനിതകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ദോഹ ആസ്ഥാനമായ പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്ട്രോക്ക് മൂലം ലോക വ്യാപകമായി മരണങ്ങള് വ്യാപകമാവുന്നതിനിടെയാണ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. സ്ട്രോക്ക് മൂലം ഖത്തറില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ 2013 നു ശേഷം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്.
പുരുഷന്മാരെ അപേക്ഷിച്ച് ഖത്തറിലെ സ്ത്രീകളിലാണ് സ്ട്രോക്ക് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മോശമായ ജീവിത ശൈലിയും വ്യായാമക്കുറവുമാണ് സ്ട്രോക്കിന്റെ പ്രധാനകാരണങ്ങളായി കണക്കാക്കപ്പെടുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കണ്‍സള്‍ട്ടന്റായ ഡോ. യഹിയ സക്കറിയയും ഈ റിപ്പോര്‍ട്ടിനെ പിന്താങ്ങുന്നു. ഖത്തറിലെ സ്ത്രീകള്‍ക്കിടയില്‍ സ്ട്രോക്ക്, ഹൈപ്പര്‍ ടെന്‍ഷന്‍, അംഗവൈകല്യം എന്നിവ വളരെ വേഗത്തില്‍ വ്യാപിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമം, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങളോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ട വിഷയമാണ് സ്ട്രോക്കെന്നും ഡോ. യഹിയ പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ