News Desk

2021-04-08 05:30:01 pm IST
ഇസ്ലാമാബാദ്: ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. 

സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇതിന് കാരണമാകുന്നത്. അതിനാല് പ്രലോഭനങ്ങളെ ഒഴിവാക്കാന്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.  സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, ഇമ്രാന്‍ ഖാന്‍രെ വിവാദ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധിച്ച് രംഗത്തെത്തി. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. 

നേരത്തെ പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ചു പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയതിനാലാണ് യുവതി ബലാത്സംഗത്തിന് ഇരയായതെന്ന പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top